കറുകച്ചാൽ: ചന്പക്കരയിൽ സ്വകാര്യബസ് ഡ്രൈവർ ബംഗ്ലാംകുന്നിൽ രാഹുലി (35) നെ കാറിനടിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്.
സുഹൃത്തുക്കൾ ചേർന്ന് രാഹുലിനെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിഷ്ണു, സുനീഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച പുലർച്ചെ ആറിന് തൊമ്മച്ചേരി ബാങ്ക് പടിക്കു സമീപമാണ് രാഹുലിനെ സ്വന്തം കാറിനടിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
കാറിനടിയിൽപ്പെട്ട് ഞെരിഞ്ഞ് മരിച്ചതാകാമെന്നാണ് ആദ്യം കരുതിയത്. പോസ്റ്റ്മോർട്ടത്തിൽ തലയ്ക്കുള്ളിൽ ഗുരുതരമായ മുറിവ് കണ്ടെത്തിയതോടെയാണു കൊലപാതകമെന്ന സംശയം ഉയർന്നത്.
വെള്ളിയാഴ്ച രാത്രി 10.20നാണ് രാഹുലിനെ ഭാര്യ ശ്രീവിദ്യ അവസാനമായി ഫോണ് വിളിച്ചത്. രാഹുൽ ഫോണെടുത്തെങ്കിലും സംസാരിച്ചില്ല.
ഫോണിലൂടെ ആരോ ബഹളം വയ്ക്കുന്ന ശബ്ദം കേട്ടെന്നാണ് ശ്രീവിദ്യ പോലീസിനു നൽകിയ മൊഴി. ഇതേത്തുടർന്നു കറുകച്ചാൽ പോലീസ് രാഹുലിന്റെ സഹപ്രവർത്തകരായ സുഹൃത്തുക്കളുടെ മൊഴി രേഖപ്പെടുത്തി.
നെടുംകുന്നത്ത് സുഹൃത്തിന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്തശേഷം രാത്രിയിൽ ബസ് ഗാരേജിൽ എത്തിയ രാഹുൽ കാറെടുത്തു വീട്ടിലേക്കു പോയെന്നാണ് ഇവർ പറയുന്നത്. രാഹുലിന്റെ വസ്ത്രങ്ങൾ കീറിയിരുന്നു.
ചെരുപ്പുകൾ വാഹനത്തിനു നാലു മീറ്ററോളം മുന്പിലുമാണു കിടന്നത്. തലയ്ക്കുള്ളിൽ മുറിവ് കണ്ടെത്തിയതിനാൽ കൊലപാതകമാണെന്ന് പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു.
ബസ് ഗാരേജിൽനിന്നു രാഹുലിന്റെ കാറും മൃതദേഹവും കണ്ടെത്തിയ സ്ഥലം വരെ ഒരു കിലോമീറ്ററോളം ദൂരമുണ്ട്.
ഈ പ്രദേശങ്ങളിലെ വീടുകളിലെയും സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിരുന്നു. സംഭവസ്ഥലത്തുനിന്നും വിരലടയാളങ്ങളും മറ്റു തെളിവുകളും ശേഖരിച്ചതിനു പിന്നാലെയാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.