കാളികാവ്: വൻസുരക്ഷാവലയത്തിനിടയിലും മഴയിലൊരു ചുടുചായ കുടിക്കാൻ ചായക്കടയിലേക്ക് ഓടിക്കയറിയ രാഹുൽ ഗാന്ധി പ്രവർത്തകർക്ക് ആവേശവും കൗതുകവുമായി. വോട്ടർമാരോട് നന്ദിയറിയിക്കാനെത്തിയ രാഹുൽ ഗാന്ധി കാളികാവിൽ നിന്നും നിലന്പൂരിലേക്ക് പോവും വഴിയാണ് ചോക്കാട് ജ്യോതീസ് ചായക്കടയിൽ കയറി ചായ കുടിച്ചത്.
കോണ്ഗ്രസ് നേതാവും ചോക്കാട് ഗ്രാമപഞ്ചായത്തംഗവുമായ ആനിക്കാട്ടിൽ ഉണ്ണിക്കൃഷ്ണന്റെതായിരുന്നു ചായക്കട. കാളികാവിൽ പെയ്ത കനത്ത മഴയിൽ നനഞ്ഞൊലിച്ച രാഹുൽ ചായയും ചെറുകടികളും കഴിച്ചതോടെ ഉഷാറായി. ചോക്കാട് പഞ്ചായത്ത് പരിധിയിൽ എട്ടോളം മാവോയിസ്റ്റ് സാന്നിധ്യമുളള ബൂത്തുകളാണുണ്ടായിരുന്നത്. പോളിംഗ് ദിവസം കനത്ത സുരക്ഷ ഒരുക്കിയിരുന്നു.
അതീവ സുരക്ഷാ കാറ്റഗറിയിൽ പെട്ട രാഹുൽ ഈ വഴി കടന്നു പോകുന്നതു തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ നിരുത്സാഹപ്പെടുത്തിയിരുന്നു. നിശ്ചയിച്ച റൂട്ട് മാറ്റി ചോക്കാട് വഴിയാക്കിയപ്പോൾ മുതൽ സുരക്ഷാ ഉദ്യോഗസ്ഥർ പിരിമുറുക്കത്തിലായിരുന്നു. ചായ കുടി കഴിഞ്ഞ് രാഹുൽ വണ്ടിയിൽ കയറിയപ്പോഴാണ് അവർക്ക് ശ്വാസം നേരേ വീണത്.
നന്ദി പ്രകടനവും പ്രചാരണവും അഞ്ച് മണിയോടെ തീർത്ത രാഹുൽ അടുത്ത സ്വീകരണ കേന്ദ്രമായ നിലന്പൂരിലേക്ക് പോവും വഴിയാണ് ചോക്കാട് പഞ്ചായത്തിലെ പ്രവർത്തകർക്ക് ആവേശമായി ചോക്കാട് അങ്ങാടിയിൽ ഇറങ്ങിയത്.
ആദ്യം എസ്പിജി പുറത്തിറക്കിയ എംപിയുടെ റൂട്ട് ചാർട്ടിൽ വണ്ടൂർ വഴി തന്നെ നിലന്പൂരിലേക്ക് മടങ്ങുമെന്നാണ് ഉണ്ടായിരുന്നത്. ഇത്, ചോക്കാട് പൂക്കോട്ടുംപാടം എന്നിവിടങ്ങളിലെ പ്രവർത്തകരെ നിരാശയിലാഴ്ത്തിരുന്നു. എന്നാൽ കാളികാവിലെ പരിപാടി തീർത്ത ഉടനെ പെട്ടെന്നായിരുന്നു രാഹുലിന്റെ യാത്രാറൂട്ട് പാർട്ടി പ്രവർത്തകരും സുരക്ഷ ഉദ്യോഗസ്ഥരും മാറ്റിയത്.
ഇതറിഞ്ഞതോടെ ചോക്കാട്ടിലും പൂക്കോട്ടുംപാടത്തും നിരവധിയാളുകളാണ് രാഹുലിനെ കാണാനായി റോഡരികിൽ കാത്തു നിന്നത്. ചായയും ലഘു കടിയും ഡ്രൈ ഫ്രൂട്സും കഴിച്ച് പാർട്ടി പ്രവർത്തകരോട് അല്പ സമയം ചിലവിട്ടാണ് യാത്ര തുടങ്ങിയത്. തുടർന്ന് പൂക്കോട്ടുംപാടം ടൗണ് വഴിയാണ് രാഹുൽ നിലന്പൂരിലേക്ക് പോയത്.