ന്യൂഡൽഹി: വിക്കറ്റ് കീപ്പർ ഇഷാൻ കിഷനും ശ്രേയസ് അയ്യർക്കുമെതിരേ അച്ചടക്ക നടപടികളൊന്നുമുണ്ടായിട്ടില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് മുഖ്യപരിശീലകൻ രാഹുൽ ദ്രാവിഡ്.
അഫ്ഗാനിസ്ഥാനെതിരായ ട്വന്റി 20 പരന്പരയിൽ ഇരുവരെയും പരിഗണിക്കാതിരുന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു ദ്രാവിഡ്.
ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ കിഷൻ മാനസികപ്രശ്നം ചൂണ്ടിക്കാണിച്ച് ടീമിൽനിന്ന് ഒഴിവായിരുന്നു. ഇത് മാനേജ്മെന്റ് അനുവദിക്കുകയും ചെയ്തു.
ഇഷാൻ സ്വയം വിശ്രമം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അനുവദിച്ചുകൊടുക്കുകയായിരുന്നെന്നാണ് കഴിഞ്ഞ ദിവസം ടീം മുഖ്യ പരിശീലകൻ ദ്രാവിഡ് വ്യക്തമാക്കിയത്.
ശ്രേയസ് അയ്യരെയും അഫ്ഗാനെതിരേയുള്ള പരന്പരയ്ക്ക് പരിഗണിക്കാത്തതും അച്ചടക്ക നടപടിയുടെ ഭാഗമെന്ന് വാദം ഉയർന്നിരുന്നു. എന്നാൽ അത് വെറും കിംവദന്തിയെന്നാണ് ദ്രാവിഡ് പറഞ്ഞത്