ദുബായ്: യുഎഇയിലെ ഇന്ത്യൻ തൊഴിലാളികളുടെ കഠിനാധ്വാനത്തെ പ്രകീർത്തിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇന്ത്യൻ തൊഴിലാളികൾ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചു ബോധ്യമുണ്ടെന്നും അവരെ സഹായിക്കാൻ കോൺഗ്രസ് തയാറാണെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികളുടെ പ്രശ്നങ്ങൾ മനസിലാക്കാനാണ്, അല്ലാതെ മനസിലുള്ളതു പറയാനല്ല (മോദിയുടെ മൻ കി ബാതിനെ ലക്ഷ്യമിട്ട് ) താൻ എത്തിയതെന്നും രാഹുൽ പറഞ്ഞു.
“നിങ്ങളുടെ കഠിനാധ്വാനം രാജ്യത്തിനഭിമാനമാണ്. നിരവധി പ്രശ്നങ്ങൾ നിങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്. എല്ലാ ദിവസവും ജോലി ചെയ്യേണ്ടിവരുന്ന, വരുമാനം മുഴുവൻ നാട്ടിലേക്ക് തിരിച്ചയയ്ക്കുന്ന നിങ്ങളോടു കൂടുതലായി സംസാരിക്കാൻ ആഗ്രഹമുണ്ട്”-ജബൽ അലി ലേബർ കോളനിയിലെ തിങ്ങിനിറഞ്ഞ സദസിനോടു രാഹുൽ പറഞ്ഞു.
എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി, കെപിസിസി വൈസ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ്, കെ. സുധാകരൻ, ഷാഫി പറന്പിൽ എംഎൽഎ, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സാം പിത്രോഡ, മുസ്ലിം ലീഗ് നേതാ വ് പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
നേരത്തെ യുഎഇയിലെ ഇന്ത്യൻ വ്യവസായികളുമായും പ്രഫഷണലുകളുമായും രാഹുൽ കൂടിക്കാഴ്ച നടത്തി. പ്രഭാത ഭക്ഷണത്തിനിടെ നടന്ന കൂടിക്കാഴ്ചയിൽ ബി.ആർ. ഷെട്ടി, എം. എ. യൂസഫലി, സണ്ണി വർക്കി അടക്കമുള്ള പ്രമുഖ വ്യവസായികൾ പങ്കെടുത്തു. ദുബായിലെ പഞ്ചാബി സമൂഹവുമായും രാഹുൽ സംവദിച്ചു. ദുബായ് ഗ്രാൻഡ് ഹയാത്തിൽ ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷണൽ കൗൺസിലംഗങ്ങളുമൊത്തായിരുന്നു രാഹുലിന്റെ ഉച്ചഭക്ഷണം.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേക്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി രാഹുൽ കൂടിക്കാഴ്ച നടത്തി. വളരെ നല്ല കൂടിക്കാഴ്ച എന്നാണ് രാഹുൽ ഇതേപ്പറ്റി ട്വീറ്റ് ചെയ്തത്.
വൈകുന്നേരം ദുബായിയിലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പ്രവാസി ഭാരതീയരെ രാഹുൽ അഭിസംബോധന ചെയ്തു. കഴിഞ്ഞ നാലര വർഷമായി ഇന്ത്യ അസഹിഷ്ണുതയ്ക്കു സാക്ഷ്യം വഹിക്കുകയാണെന്ന് രാഹുൽ പറഞ്ഞു. എന്റെ പ്രിയ രാജ്യം രാഷ്ട്രീയകാരണങ്ങളാൽ ഭിന്നതയിലാണ്. നമുക്ക് ഇന്ത്യയെ ഒരുമിപ്പിക്കണം. ബിജെപി മുക്തഭാരതം നമുക്കാവശ്യമില്ല-നിറഞ്ഞ കൈയടികൾക്കിടെ രാഹുൽ പറഞ്ഞു.
സ്റ്റേഡിയം തിങ്ങിനിറഞ്ഞ് ആൾ എത്തിയിരുന്നു. ആയിരത്തോളം ബസുകളിൽ യുഎഇയിലെ വിവിധ എമിറേറ്റുകളിൽനിന്ന് ആൾക്കാർ എത്തിയെന്ന് ഉമ്മൻ ചാണ്ടിയുടെ പുത്രി അച്ചു ഉമ്മനെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഉമ്മൻ ചാണ്ടിയും മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും ചടങ്ങിൽ പ്രസംഗിച്ചു.
ഇന്നു രാവിലെ ഇന്ത്യക്കാരായ സർവകലാശാലാ വിദ്യാർഥികളെ അഭിസംബോധന ചെയ്തശേഷം രാഹുൽ അബുദാബിക്കു പോകും. അവിടെ ഷേക്ക് സായിദ് ഗ്രാൻഡ് മോസ്കിൽ രാഹുൽ സന്ദർശനം നടത്തും.