എരുമേലി: വയനാട്ടിൽ എഐസിസി പ്രസിഡന്റ് രാഹുൽ ഗാന്ധിക്ക് അപരസ്ഥാനാർഥിയായി പത്രിക നൽകിയ എരുമേലി മുട്ടപ്പള്ളി സ്വദേശി രാഹുൽ കൊച്ചാപ്പി എന്ന കെ.ഇ. രാഹുൽ ഗാന്ധി എവിടെയാണെന്ന് അറിയില്ലെന്ന് ബന്ധുക്കൾ. സ്ഥാനാർഥിയാകാനും അതു പിൻവലിപ്പിക്കാനും അപരനുമേൽ സമ്മർദമുണ്ടെന്നാണ് വിവരം. അപരന്റെ അടുത്ത സുഹൃത്തിനെയും നാട്ടിൽ കാണാനില്ല.
എന്നാൽ, സമ്മർദമെന്നതു വാർത്താപ്രാധാന്യം നേടാൻവേണ്ടി നടത്തുന്ന പ്രചാരണമാണെന്നും അപരൻ രാഹുൽ ഗാന്ധിയുടെ വിജയത്തിനു ഭീഷണിയല്ലെന്നും കോൺഗ്രസ് എരുമേലി മണ്ഡലം നേതൃത്വം അറിയിച്ചു. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആലപ്പുഴയിൽ നാടൻപാട്ട് പരിപാടിക്കായി മുട്ടപ്പള്ളിയിലെ വീട്ടിൽനിന്നു രാഹുൽ കൊച്ചാപ്പി പോയത്.
ആലപ്പുഴയിൽ പരിപാടിക്കു ശേഷം പിറ്റേന്നു മുതൽ രാഹുൽ കൊച്ചാപ്പിയുടെ ഫോൺ ഓഫാണ്. നാമനിർദേശപത്രിക കൊടുത്ത ശേഷം രാഹുൽ കൊച്ചാപ്പി എവിടേക്കാണു പോയതെന്നു വീട്ടുകാർക്ക് അറിയില്ല. സ്വദേശം മുട്ടപ്പള്ളിയിലാണെങ്കിലും ഇടയ്ക്കു പഠനവും ജോലിയുമായി ബന്ധപ്പെട്ടു തിരുവനന്തപുരത്തു രാഹുൽ കൊച്ചാപ്പി താമസിച്ചിരുന്നു. തിരുവനന്തപുരത്തെ ചില സിപിഎം നേതാക്കൾ മുഖേനെയാണു രാഹുൽ കൊച്ചാപ്പി അപരസ്ഥാനാർഥി ആയതെന്നു സൂചനകളുണ്ട്.
അതേസമയം, നാട്ടിൽ സിപിഎമ്മിലും ഡിവൈഎഫ്ഐയിലും പ്രവർത്തിച്ചിരുന്ന രാഹുൽ കൊച്ചാപ്പി പാർട്ടിയുടെ അനുഭാവി മാത്രമാണെന്നാണ് ഇപ്പോൾ സിപിഎം പ്രാദേശിക നേതൃത്വം പറയുന്നത്. നാടൻപാട്ട് കലാകാരൻ എന്ന നിലയിൽ ഫെലോഷിപ്പ് ലഭിച്ചതിന് ഡിവൈഎഫ്ഐയുടെ ഉപഹാരം രാഹുൽ കൊച്ചാപ്പിക്കു നൽകിയതു സിനിമാതാരം ഇന്ദ്രൻസ് ആയിരുന്നു.
നാമനിർദേശ പത്രിക നൽകിയ ശേഷം രാഹുൽ കൊച്ചാപ്പിയുടെ ഫേസ്ബുക് അക്കൗണ്ട് നീക്കം ചെയ്തിട്ടുണ്ട്. ഏതെങ്കിലും കേസിൽ പ്രതിയായിട്ടുണ്ടോയെന്നു ചിലർ എരുമേലി പോലീസ് സ്റ്റേഷനിലെത്തി അന്വേഷണം നടത്തിയിരുന്നു. ഒരു പെറ്റി കേസ് മാത്രമാണ് ഇയാൾക്കെതിരേയുള്ളത്. ഇതിനു പിഴയടച്ചിട്ടുണ്ട്.