കൊച്ചി: സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി നടി ഹണി റോസ് രാഹുല്‍ ഈശ്വറിനെതിരെ നല്കിയ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് പ്രാഥമികാന്വേഷണം ആരംഭിച്ചു. പരാതിയില്‍ നേരിട്ട് കേസെടുക്കണോയെന്നതു സംബന്ധിച്ച് അന്വേഷണ സംഘം നിയമോപദേശം തേടിയിട്ടുണ്ട്. ഇതിനു ശഷമാകും തുടര്‍ നടപടികളിലേക്ക് കടക്കുക.
സൈബര്‍ ഇടങ്ങളില്‍ തനിക്കെതിരേ രാഹുല്‍ ഈശ്വര്‍ സംഘടിത ആക്രമണം നടത്തുന്നുവെന്നു കാണിച്ച് കഴിഞ്ഞ ദിവസമാണ് നടി ഹണി റോസ് എറണാകുളം സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കിയത്. രാഹുലുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റുകളുടെയടക്കം പകര്‍പ്പുകളും പരാതിയോടൊപ്പം ഹാജരാക്കിയിട്ടുണ്ട്.
താനും കുടുംബവും കടുത്ത മാനസിക സമ്മര്‍ദ്ദം നേരിടുന്നതിന്റെ കാരണക്കാരില്‍ ഒരാള്‍ രാഹുല്‍ ഈശ്വരാണെന്ന് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടശേഷമാണ് നടി പോലീസില്‍ പരാതി നല്‍കിയത്.രാഹുല്‍ ഈശ്വറിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ശനിയാഴ്ചയാണ് നടി ഹണി റോസ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചിരുന്നു.
താനും കുടുംബവും കടുത്ത മാനസിക സമ്മര്‍ദത്തിലൂടെയാണ് കടന്നുപോകാന്‍ പ്രധാന കാരണക്കാരന്‍ രാഹുല്‍ ഈശ്വറാണ്. സ്ത്രീത്വത്തെ അപമാനിച്ചതിനും ആക്രമിക്കുമെന്നും അപായപ്പെടുത്തുമെന്നുമുള്ള ഭീഷണിയുടെ രീതിയിലും തൊഴില്‍ നിഷേധിക്കുന്നവിധത്തിലും നേരിട്ടും സമൂഹമാധ്യമത്തിലൂടെയും വെല്ലുവിളിച്ച രാഹുല്‍ ഈശ്വറിനെതിരേ നിയമനടപടി കൈക്കൊള്ളുമെന്നാണ് നടി കുറിപ്പിട്ടത്.
കോടതിയിലുള്ള കേസിലെ പരാതിക്കാരിയായ തന്നെ കടുത്ത മാനസികവ്യഥയിലേക്കും ആത്മഹത്യയിലേക്കും തള്ളിയിടുന്ന പ്രവര്‍ത്തികളാണ് തുടര്‍ച്ചയായി ഉണ്ടാകുന്നതെന്നും ഹണി റോസ് കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
രാഹുല്‍ ഈശ്വറിന്റെ മുന്‍കൂര്‍; ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന നടി ഹണി റോസിന്റെ പരാതിയില്‍ അറസ്റ്റ് സാധ്യത മുന്നില്‍ കണ്ട് രാഹുല്‍ ഈശ്വര്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസെടുക്കുന്നതില്‍ പോലീസ് നിയമോപദേശം തേടിയ സാഹചര്യത്തിലാണ് ഹൈക്കോടതിയില്‍ രാഹുല്‍ ഈശ്വര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
അതേസമയം, ഹണി റോസിനെ അധിക്ഷേപിച്ചിട്ടില്ലെന്നാണ് ജാമ്യാപേക്ഷയില്‍ രാഹുല്‍ ഈശ്വറിന്റെ വാദം. ഹണി റോസിന്റെ വസ്ത്ര ധാരണത്തില്‍ ഉപദേശം നല്‍കുക മാത്രമാണ് ചെയ്തത്. സൈബര്‍ ആക്രമണത്തിന് കാരണമായ ഒന്നും മാധ്യമങ്ങളിലൂടെ സംസാരിച്ചിട്ടില്ല. ആര്‍ക്കെതിരേയും സൈബര്‍ അധിക്ഷേപം പാടില്ല എന്നാണ് തന്റെ നിലപാട് എന്നുമാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കുന്നത്.
രാഹുല്‍ ഈശ്വര്‍ നിരന്തരം സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തുന്നു എന്നായിരുന്നു ഹണി റോസിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്. ഇത് അശ്ലീല ദ്വയാര്‍ഥ പ്രയോഗം ആണെന്നായിരുന്നു ഹണി റോസിന്റെ കുറിപ്പിന്റെ ഉള്ളടക്കം. രാഹുല്‍ ഈശ്വര്‍ സൈബര്‍ ബുള്ളിയിംഗിന് നേതൃത്വം നല്‍കുന്നുവെന്നും കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിലെ പോസ്റ്റില്‍ ഹണി റോസ് ആരോപിച്ചിരുന്നു.
സമാനമായ സംഭവത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വ്യവസായി ബോബി ചെമ്മണ്ണൂര്‍ കാക്കനാട് ജില്ലാ ജയിലില്‍ റിമാന്‍ഡിലാണ്. മാധ്യമ ചര്‍ച്ചകളിലൂടെ ഹണി റോസിനെ അപമാനിച്ചുവെന്ന് കാട്ടി തൃശൂര്‍ സ്വദേശിയും എറണാകുളം സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.