കൊച്ചി: നടി ഹണി റോസിന്റെ പുതിയ പരാതിയില്‍ ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വറിനെതിരെ വീണ്ടും കേസ്. എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസ് എടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തത്. സമൂഹ മാധ്യമങ്ങളിലൂടെയും പ്രസ്താവനകളിലൂടെയും നിരന്തരം അപമാനിക്കുന്നുവെന്നാണ് നടിയുടെ പരാതി.ജനുവരി 11നാണ് നടി രാഹുല്‍ ഈശ്വറിനെതിരേ നിയമ നടപടിയുമായി രംഗത്തെത്തിയത്.
സൈബര്‍ ഇടങ്ങളില്‍ തനിക്കെതിരേ രാഹുല്‍ ഈശ്വര്‍ സംഘടിത ആക്രമണം നടത്തുന്നുവെന്ന് കാണിച്ചാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. വസ്ത്ര സ്വാതന്ത്ര്യം തന്റെ മൗലികാവകാശമാണെന്നിരിക്കെ രാഹുല്‍ ഈശ്വര്‍ അതിനെതിരെ അനാവശ്യ പ്രചരണം നടത്തി. സൈബര്‍ ഇടങ്ങളില്‍ ആളുകള്‍ തനിക്കെതിരെ തിരിയാന്‍ ഇത് കാരണമായി.
താനും കുടുംബവും കടന്നു പോകുന്നത് കടുത്ത മാനസിക സംഘര്‍ഷത്തിലൂടെയാണെന്നും നടി പറഞ്ഞു.പരാതിയ്ക്ക് പിന്നാലെ മുന്‍കൂര്‍ ജാമ്യാപേക്ഷ തേടി രാഹുല്‍ ഈശ്വര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പരാതിയില്‍ കേസ് എടുക്കാനാവില്ലെന്നാണ് കഴിഞ്ഞ ദിവസം പോലീസ് കോടതിയില്‍ നിലപാട് എടുത്തത്. പരാതി പ്രകാരം കേസെടുക്കാനുളള വകുപ്പുകളില്ലെന്നും വിശദമായ നിയമോപദേശം തേടുമെന്നുമായിരുന്നു പോലീസ് കോടതിയെ അറിയിച്ചിരുന്നത്.
അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യം ഉപയോഗിക്കുക മാത്രമാണ് താന്‍ ചെയ്തത് എന്നായിരുന്നു രാഹുല്‍ ഈശ്വര്‍ കോടതിയില്‍ പറഞ്ഞത്. നടി വിമര്‍ശനത്തിന് അതീതയല്ലെന്നും അതിനാലാണ് താന്‍ വിമര്‍ശിച്ചതെന്നും മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കവെ രാഹുല്‍ ഹൈക്കോടതിയില്‍ വാദമുയര്‍ത്തിയിരുന്നു.
ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റിന് പിന്നാലെയാണ് നടിയെ വിമര്‍ശിച്ച് രാഹുല്‍ ഈശ്വര്‍ രംഗത്തെത്തിയത്. നടിയുടെ വസ്ത്രധാരണത്തെയടക്കം വിമര്‍ശിച്ചിരുന്നു. ഇതിന് ചുവടുപിടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ നടിക്കെതിരേ വ്യാപക പ്രചാരണവുമുണ്ടായി.ഇത് ചൂണ്ടിക്കാട്ടിയാണ് നടി കൊച്ചി സിറ്റി പോലീസിനെ സമീപിച്ചത്.