മുക്കം: തെക്കും വടക്കും വേർതിരിവില്ലാതെ ഇന്ത്യ ഒന്നാണെന്ന സന്ദേശവുമായി രാഹുൽ ഗാന്ധി വയനാട് പാർലമെന്റ് മണ്ഡലത്തിൽ മത്സരിക്കുന്നതിന്റെ ആഘോഷാരവങ്ങൾ ആയിരം കാതമകലെ ഗൾഫുനാടുകളിലും . രാഹുലും വയനാടുമാണ് സൗദി അറേബ്യയിലും ദുബായിയും ഉൾപ്പെടെ മലയാളികൾ ഏറെയുള്ള വിദേശ രാജ്യങ്ങളിലും പ്രധാന ചർച്ച. വയനാട് മണ്ഡലക്കാർക്കിടയിൽ പ്രത്യേകിച്ചും.
പ്രധാനമന്ത്രി സ്ഥാനാർഥിയെ രാജ്യത്തെ ഏറ്റവും കൂടിയ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാനുള്ള വിവിധ രീതിയിലുള്ള പ്രചാരണങ്ങളും പരിപാടികളുമാണ് ഗൾഫുനാടുകളിലെങ്ങും നടക്കുന്നത്. വയനാട് പാർലമെന്റിലെ സുൽത്താൻ ബത്തേരി , കൽപ്പറ്റ, മാനന്തവാടി, തിരുവമ്പാടി, ഏറനാട്, വണ്ടൂർ, നിലമ്പൂർ നിയമസഭാ മണ്ഡലങ്ങളിലെ പതിനായിരക്കണക്കിന് വോട്ടർമാർ യു.എ.ഇയിൽ മാത്രമായുള്ളതായി ഷാർജ വയനാട് ജില്ല കെഎംസിസി .പ്രസിഡന്റ് അൻവർ സാദത്തും ജനറൽ സെക്രട്ടറി ഷഫീഖ് ഷാർജയും രാഷ്ട്രദീപികയോട് പറഞ്ഞു.
തെരഞ്ഞെടുപ്പ് വിജയത്തിൽ എക്കാലത്തും നിർണായക സ്വാധീനം ചെലുത്തുന്ന കെഎംസിസി, ജനാധിപത്യത്തെ വീണ്ടെടുക്കാനുള്ള ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ പതിവിലേറെ സജീവമാണ്. യുഎഇ ,സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ഒമാൻ, ബഹറൈൻ എന്നിവിടങ്ങളിലെല്ലാം രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വംപ്രവാസികൾ പരമാവധി ആഘോഷമാക്കി.
കെഎംസിസി, യുഎഇ വയനാടു മണ്ഡലം പ്രവർത്തകർ, രാഹുൽ ഗാന്ധിയുടെ വരവോടെ പ്രത്യേകം പ്രചാരണങ്ങളും പരിപാടികളുമാണ് ആവിഷ്കരിച്ചിരിക്കുന്നത്. ആയിരക്കണക്കിനാളുകൾ ഇത്തവണ വോട്ടു ചെയ്യാൻ നാട്ടിലെത്തുകയും ചെയ്യും. ഷാർജയിൽ യുഡിഎഫ് മണ്ഡലം കൺവെൻഷനുകൾ കഴിഞ്ഞ് പഞ്ചായത്തുതലങ്ങളിലേക്കു പ്രവേശിച്ചു. വോട്ടുകൾ ഒന്നും നഷ്ടപ്പെടാതെ പ്രയോജനപ്പെടുത്താനുള്ള പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട് .
കുടുംബങ്ങളിലെ പ്രായപൂർത്തിയായവരെല്ലാം വോട്ടർ പട്ടികയിലുണ്ടെന്നുറപ്പുവരുത്തി. വോട്ടർമാരെ ചേർക്കാനായി കാമ്പയിനുകൾ സംഘടിപ്പിക്കുകയും ചെയ്തു. സോഷ്യൽ മീഡിയാ പ്രചാരണത്തിന് പ്രത്യേകം പ്രവർത്തകരുണ്ട്. കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും വോട്ടുകൾ നഷ്ടപ്പെട്ടു പോവാതിരിക്കാനും പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നു.
പരമാവധിയാളുകൾ വോട്ടുചെയ്യാൻ നാട്ടിലുണ്ടാകും. ഇതിനുള്ള മുന്നൊരുക്കങ്ങളും സജീവമാണ്. “പ്രധാനമന്ത്രി’ക്ക് ഒരു വോട്ടു ചെയ്യാൻ കിട്ടിയ അവസരം പാഴാക്കുകയോ..?. ഇതാണ് വയനാട് മണ്ഡലം പ്രവാസികളുടെ ചോദ്യം.