റാന്നി: ബുധനാഴ്ച അറസ്റ്റിലായ അയ്യപ്പധർമ സേന നേതാവ് രാഹുൽ ഈശ്വറും സംഘവും റിമാൻഡിൽ. പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയത് ഉൾപ്പടെയുള്ള സംഭവങ്ങളിലാണ് രാഹുൽ ഈശ്വറിനും ഒപ്പമുള്ള ഇരുപതോളം പേർക്കുമെതിരേ പോലീസ് കേസെടുത്തത്. രാവിലെ റാന്നി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ബുധനാഴ്ച രാവിലെ അവലോകന യോഗത്തിന് എത്തിയ സർക്കാർ ഉദ്യോഗസ്ഥരായ വനിതകളെ വരെ പ്രതിഷേധക്കാർ തടഞ്ഞുനിർത്തി പ്രായം തെളിയിക്കുന്ന രേഖകൾ പരിശോധിക്കുന്ന സംഭവമുണ്ടായിരുന്നു. ഇക്കാര്യത്തിൽ പോലീസിനെതിരേ വിമർശനം ഉയർന്നതിന് പിന്നാലെയാണ് രാഹുൽ ഈശ്വറിനെയും സംഘത്തെയും അറസ്റ്റ് ചെയ്തത്.
സമാന സംഭവത്തിൽ അറസ്റ്റിലായ അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് നേതാവ് പ്രജീഷ് ഗോപിനാഥിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇയാൾക്കെതിരെയും ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.