തൃശൂർ: വീട്ടുകാരിൽനിന്നുള്ള വലിയ പിന്തുണയോ, എടുത്തുപറയത്തക്ക ഫുട്ബോൾ പാരമ്പര്യമോ ഒന്നുമില്ലാതെ ഒറ്റയ്ക്കു പൊരുതിനേടിയ ഇന്ത്യൻ താരപദവിയാണ് അണ്ടർ 17 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലെ ഏക മലയാളി കെ.പി. രാഹുലിന്റേത്.
തൃശൂർ ഒല്ലൂക്കര ശ്രേയസ് നഗറിൽ കണ്ണോളി വീട്ടിൽ പ്രവീണിന്റെ മകൻ രാഹുൽ ഇന്ത്യൻ ടീമിലേക്കു തെരഞ്ഞെടുക്കപ്പെട്ടതിലെ അദ്ഭുതവും ആഹ്ലാദവും കുടുംബക്കാരുടെ ഹൃദയത്തിൽ മാത്രമല്ല നാട്ടുകാരുടെ മനസിലും ഇപ്പോഴും സജീവമായി അലയടിക്കുന്നു. അവർ ആവേശത്തോടെ കാത്തിരിക്കുകയാണ്. തങ്ങളുടെ രാഹുൽ ഇന്ത്യക്കായി പൊരുതുന്നതു കാണാൻ, അവൻ ഇന്ത്യക്കായി ഗോൾ നേടുന്നതു കണ്ട് കരഘോഷം മുഴക്കാൻ.
തങ്ങളുടെ ആരുടെയും സഹായമില്ലാതെ മകൻ ഒറ്റയ്ക്കു കളിച്ചുതന്നെയാണ് ഇന്ത്യൻ ടീം വരെയെത്തിയതെന്ന് രാഹുലിന്റെ അച്ഛൻ പ്രവീണ്‍ ദീപികയോടു പറഞ്ഞു. “ഞാൻ വലിയ ഫുട്ബോൾ കളിക്കാരനൊന്നുമല്ല.
മകനു ചെറുപ്പം മുതൽ ഫുട്ബോൾ ഭ്രാന്തായിരുന്നു. സാധാരണ എല്ലാ മാതാപിതാക്കളും പറയുന്നതുപോലെ കളിയൊക്കെ നിർത്തി പഠിക്കാൻ നോക്കണമെന്നു പലപ്പോഴും വഴക്കു പറയുമായിരുന്നു. അമ്മാവൻ ഷിബു രാഹുലിനെ ഏറെ പ്രോത്സാഹിപ്പിച്ചിരുന്നു. പിന്നീട് ജില്ലാ ടീമിലും സംസ്ഥാന ടീമിലുമൊക്കെ സെലക്ഷൻ കിട്ടി കളിക്കാൻ പോയതോടെയാണ് മകന്റെ കഴിവിനെ സന്തോഷത്തോടെ വീക്ഷിക്കാൻ തുടങ്ങിയത്.
ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ ദേശീയ ഫുട്ബോൾ ക്യാമ്പിലേക്ക് സെലക്ഷൻ ലഭിച്ചു. കഴിഞ്ഞ മൂന്നര വർഷമായി ഗോവയിൽ പരിശീലന ക്യാമ്പിലായിരുന്നു. ഒടുവിൽ ഇന്ത്യൻ ടീമിലേക്കു തെരഞ്ഞെടുക്കപ്പെട്ടുവെന്നറിഞ്ഞപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമാണുള്ളത്. അവൻ രാജ്യത്തിനുവേണ്ടി നന്നായി കളിക്കുമെന്നുതന്നെയാണ് വിശ്വാസമെന്നു പ്രവീണ്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ക്രിസ്റ്റ്യാനോ റൊണോൾഡോയും ഐ.എം. വിജയനുമൊക്കെയാണ് രാഹുലിന്റെ ഇഷ്ടതാരങ്ങൾ. തനിക്കു മെസിയോടാണ് താത്പര്യമെങ്കിലും മകൻ റൊണാൾഡോയുടെ ആരാധകനാണ്. പോർച്ചുഗലും അർജന്റീനയും തമ്മിൽ ടിവിയിൽ കളി വന്നാൽ ഞങ്ങൾ രണ്ടു പക്ഷത്തുനിന്നു പോരാടും. ഇനി മകനാണ് കുടുംബത്തിന്റെ ഉറച്ച പിന്തുണ. ”.
ഇന്ത്യൻ ജഴ്സിയണിയുന്ന രാഹുലിനെക്കുറിച്ച് ചോദിച്ചാൽ അച്ഛനും അമ്മയ്ക്കും സഹോദരിക്കുമൊക്കെ നിറഞ്ഞ ആവേശമാണ്. കളി കാണാൻ ഡൽഹിയിൽ പോകാൻ സാധിക്കില്ലെങ്കിലും, ടിവിയിൽ കളി കാണാമല്ലോയെന്ന സന്തോഷത്തിലാണവർ.
നായപരിശീലകനായതിനാൽ പ്രവീണിനു കൂടുതൽ ദിവസം വീടുവിട്ടു നില്ക്കാൻ സാധിക്കില്ല. 20 നായ്ക്കളുണ്ട് ഇപ്പോൾ അദ്ദേഹത്തിന്റെ പരിശീലനത്തിൽ. ഇവയെ വിട്ട് കൂടുതൽ ദിവസം മാറിനിൽക്കാനാവില്ല. അതുകൊണ്ടാണ് ഡൽഹിയിൽ പോയി മകന്റെ കളി നേരിട്ടു കാണാൻ കഴിയാത്തത്. കളികണാൻ സാധിക്കില്ലെന്നത് അദ്ദേഹത്തെ ഏറെ വിഷമിപ്പിക്കുന്നുണ്ട്.
ഡൽഹിയിൽ കളി കാണാനുള്ള ടിക്കറ്റും സൗകര്യങ്ങളുമൊക്കെ ലഭിച്ചിട്ടുണ്ട്. ഒരു കളിയെങ്കിലും കാണാൻ സാധിക്കുമോയെന്നും നോക്കുന്നുണ്ട്. രാഹുലിന്റെ അമ്മാവൻ വിപിൻ രാഹുലിന്റെ കളി നേരിൽ കാണാൻ ഡൽഹിക്കു പോകും. രാജ്യത്തിനുവേണ്ടി ബൂട്ടണിയുന്ന മകന്റെ കളി നന്നാവണേയെന്ന പ്രാർഥനയിലാണ് അമ്മ ബിന്ദുവും സഹോദരി നന്ദനയും.
ഐ.എം. വിജയനു പിൻഗാമിയായി തൃശൂരിൽ നിന്നുതന്നെ ഇന്ത്യൻ ടീമിലേക്ക് ഒരു ഫുട്ബോൾ താരമെത്തുന്നത് ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നു നാട്ടുകാരും പറയുന്നു. സ്വപ്രയത്നത്തിലൂടെ വിസ്മയതാരമായ രാഹുൽ ഇനി കാൽപ്പന്തുകളത്തിൽ മാന്ത്രിക പ്രകടനം നടത്തുന്നതു കാത്തിരിക്കുകയാണ് അവർ.
പോൾ മാത്യു.