ചെന്നൈ: മൂന്നിൽ രണ്ടു ഭൂരിപക്ഷമില്ലാതെ രാജ്യത്തു കോണ്ഗ്രസ് സർക്കാരുകൾക്കു രക്ഷയില്ലെന്നു കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
10 മുതൽ 15 സീറ്റുകളുടെ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയാൽ ബിജെപി ഭരണം അട്ടിമറിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പണം മാത്രമല്ല ജനാധിപത്യത്തിന്റെ തൂണുകളായ ജുഡീഷറിയും മാധ്യമങ്ങൾ പോലും ഇത്തരം അട്ടിമറിക്കു കൂട്ടുനിൽക്കുകയാണ്.
ഒരു സ്വാധീനത്തിനും വഴങ്ങില്ലെന്നുറപ്പുള്ളതു കൊണ്ടാണ് തനിക്കുനേരെ രൂക്ഷമായ ആക്രമണം ഉണ്ടാകുന്നതെന്നും രാഹുൽ പറഞ്ഞു. തൂത്തുക്കുടിയിൽ അഭിഭാഷകരുമായുള്ള സംവാദത്തിനിടെയാണ് രാഹുലിന്റെ വിമർശനം.
ഇതേ സംവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രാഹുൽ വിമർശിച്ചിരുന്നു. പ്രധാനമന്ത്രി ഉപകാരപ്രദമാണോ അല്ലയോ എന്നതല്ല ചോദ്യം.
ആർക്കാണ് അദ്ദേഹം ഉപകാരപ്പെടുന്നത് എന്നതാണു ചോദ്യം. അദ്ദേഹത്തെ ഉപയോഗിച്ചു സന്പത്ത് വർധിപ്പിക്കുന്ന രണ്ടു പേർക്കു മാത്രമാണു പ്രധാനമന്ത്രിയെക്കൊണ്ടു ഗുണമുള്ളതെന്നും രാഹുൽ വിമർശിച്ചു.
നരേന്ദ്ര മോദി ചൈനയെ ഭയപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. കുറച്ചു പേരുടെ താത്പര്യങ്ങൾക്കായി മോദി പ്രവർത്തിക്കുന്നതെന്നും രാഹുൽ ആരോപിച്ചു.