ന്യൂഡൽഹി: ബിജെപിയെ പ്രതിരോധിക്കാൻ 52 എംപിമാർ ധാരാളമാണെന്ന് രാഹുൽ ഗാന്ധി. കോൺഗ്രസിന്റെ 52 എംപിമാർ ബിജെപിക്കെതിരെ ഓരോ ഇഞ്ചിലും പോരാടുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് സംയുക്ത പാർലമെന്ററി പാർട്ടി യോഗത്തിൽ എംപിമാരോടു സംസാരിക്കുകയായിരുന്നു രാഹുൽ.
ആത്മപരിശോധനയ്ക്കും പുനരുജ്ജീവനത്തിനുമുള്ള സമയമാണിത്. അധിക്ഷേപവും വെറുപ്പും വിദ്വേഷവും നേരിടേണ്ടി വന്നേക്കാം. അത് ആസ്വദിച്ച് ഭരണഘടന സംരക്ഷിക്കാൻ മുന്നോട്ടു പോകണമെന്നും എംപിമാർക്ക് കരുത്ത് പകർന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
കോൺഗ്ര സംയുക്ത പാർലമെന്ററി പാർട്ടി യോഗം സെൻട്രൽ ഹാളിൽ ഇപ്പോഴും തുടരുകയാണ്. സോണിയാ ഗാന്ധിയെ സംയുക്ത പാർലമെന്ററി പാർട്ടി അധ്യക്ഷയായി തെരഞ്ഞെടുത്തിരുന്നു. മുൻ പ്രധാനമന്ത്രിയും മുതിർന്ന നേതാവുമായ മൻമോഹൻസിംഗാണ് സോണിയയുടെ പേര് നിർദേശിച്ചത്.
ലോക്സഭാ കക്ഷി നേതാവിനെയും പാര്‍ലമെന്റ് സെൻട്രൽ ഹാളിൽ ചേർന്ന യോഗം തെരഞ്ഞെടുക്കും. രാഹുൽ ഗാന്ധി ലോക്സഭാ കക്ഷി നേതാവായി വരണമെന്നാണ് കേരളത്തിലെ എംപിമാർ ഉൾപ്പടെ ആവശ്യം ഉന്നയിക്കുന്നത്. എന്നാൽ സ്ഥാനം ഏറ്റെടുക്കുന്ന കാര്യത്തിൽ രാഹുലിന്റെ തീരുമാനം വന്നിട്ടില്ല.
സോണിയ ഗാന്ധിയാകും ലോക്സഭാ കക്ഷി നേതാവിനേയും രാജ്യസഭാ കക്ഷി നേതാവിനേയും തീരുമാനിക്കുക. സ്ഥാനം ഏറ്റെടുക്കാന്‍ രാഹുല്‍ വിസമ്മതിച്ചാല്‍ ശശി തരൂര്‍, മനീഷ് തിവാരി, അധീര്‍ രഞ്ജന്‍ ചൗധരി തുടങ്ങിയവര്‍ക്ക് സാധ്യതയുണ്ട്.