കൊല്ലം: കർഷകരുടെ ക്ഷേമത്തിന് അവർക്ക് ഒരു മന്ത്രാലയമുണ്ട്. എന്നാൽ മത്സ്യതൊഴിലാളികളുടെ ക്ഷേമത്തിനായി ഒരു മന്ത്രാലയമില്ല.അധികാര ത്തിലെത്തിയാൽ അവരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ് രൂപീകരിക്കാൻശ്രമിക്കുമെന്ന് രാഹുൽ ഗാന്ധിപറഞ്ഞു.
കൊല്ലം തങ്കശേരിയിൽ മത്സ്യത്തൊ ഴിലാളികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. മത്സ്യത്തൊഴിലാളികളുടെ കഠിനാധ്വാനത്തെ ഏറെ ബഹുമാനിക്കുന്നു. ഒപ്പം യാത്രചെയ്തപ്പോൾ അവരുടെ കഷ്ടപ്പാട് നേരിട്ടുമനസിലാക്കാൻ കഴിഞ്ഞു. അവരുടെ ക്ഷേമത്തിനായി ഒപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും രാഹുൽ ഗാന്ധിപറഞ്ഞു.
കടലിൽ മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി കേന്ദ്രസംസ്ഥാന സർക്കാരുകൾ യാതൊന്നും ചെയ്യുന്നില്ല. മത്സ്യത്തൊഴിലാളികൾ കടലിൽ വലയെറിഞ്ഞാൽ പലപ്പോഴും വല ശൂന്യമായിരിക്കും. ഇതെന്തുമാത്രം ബുദ്ധിമുട്ടാണ് അവർക്ക് ഉണ്ടാക്കുന്നത്.
മത്സ്യത്തൊഴിലാളികൾ ഓരോരുത്തർ വന്ന് അവരവരുടെ ബുദ്ധിമുട്ടുകൾ പറയുന്പോൾ അതിലൂടെ അവർ അനുഭവിക്കുന്ന വേദന കാണാൻ കഴിയുന്നതായും രാഹുൽ ഗാന്ധി പറഞ്ഞു. നിങ്ങളെ ഞാൻ ബഹുമാനിക്കുന്നു. നിങ്ങളുടെ തൊഴിലിനെ ഞാൻ ആരാധിക്കുന്നു.
നമ്മുടെ ഭക്ഷണത്തിലെ പ്രധാനപ്പെട്ടവയാണ് മത്സ്യം. എന്നാൽ ആ ഭക്ഷ്യവസ്തുവിന്റെ പിന്നിലെ അധ്വാനം തിരിച്ചറിയാതെ പോകരുതെന്നും രാഹുൽ ഗാന്ധി ഓർമിപ്പിച്ചു. ആഗോളതലത്തിൽ പെട്രോളിന്റെ വില കുറയുന്പോൾ ഇന്ത്യയിൽ കുതിച്ചുയരുകയാണ്.
നമ്മുടെ രാജ്യത്തിന്റെ സന്പത്ത് ഒന്നോരണ്ടോ വ്യവസായപ്രമുഖന്മാരുടെ പോക്കറ്റിൽ പോകുകയാണ്. അതിന് അറുതിയുണ്ടാകണമെന്നും രാഹുൽ ഗാന്ധിപറഞ്ഞു.
മത്സ്യതൊഴിലാളി സമൂഹത്തിനായി എന്തുചെയ്യുമെന്ന ചോദ്യത്തിനാണ് കർഷകരുടെ മന്ത്രാലയം പോലെ മത്സ്യത്തൊഴിലാളികൾക്കായി ഒരു മന്ത്രാലയും രൂപീകരിച്ച് അവരുട പ്രയാസങ്ങൾക്ക് അറുതിവരുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കിയത്. രമേശ് ചെന്നിത്തല, ടി.എൻ പ്രതാപൻ എംപി, ഡിസിസി പ്രസിഡന്റ് അഡ്വ.ബിന്ദു കൃഷ്ണ ഉൾപ്പടെ നിരവധി പ്രമുഖർ രാഹുലിനോടൊപ്പം തങ്കശേരി കടപ്പുറത്ത് എത്തിയിരുന്നു.