മുംബൈ: ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാൽ രാജ്യത്തെ എല്ലാ കർഷകരുടെയും കാർഷികവായ്പകൾ എഴുതിത്തള്ളുമെന്ന് രാഹുൽ ഗാന്ധി. ഇതു മാത്രമല്ല, വായ്പ എഴുതിത്തള്ളൽ ആവശ്യമായി വരുമ്പോഴെല്ലാം സർക്കാരിനെ ഉപദേശിക്കാൻ കർഷക കമ്മീഷൻ രൂപീകരിക്കുമെന്നും മഹാരാഷ്ട്രയിലെ അമരാവതിയിൽ നടന്ന പ്രചാരണറാലിയിൽ പ്രസംഗിക്കവെ രാഹുൽ പറഞ്ഞു.
നീണ്ട കരഘോഷത്തോടെയാണ് റാലിയിൽ പങ്കെടുത്ത കർഷകർ രാഹുലിന്റെ പ്രഖ്യാപനത്തെ എതിരേറ്റത്. രാജ്യത്തെ കോടിക്കണക്കിനു ദരിദ്രകുടുംബങ്ങളെ ലക്ഷാധിപതികളാക്കുമെന്നും വീട്ടമ്മമാർക്കു പ്രതിവർഷം ലക്ഷം രൂപ നൽകുന്ന മഹാലക്ഷ്മി പദ്ധതി ആദ്യം നടപ്പാക്കുമെന്നും രാഹുൽ പറഞ്ഞു. രാജ്യത്തെ എല്ലാ ദരിദ്ര കുടുംബങ്ങളുടെയും പട്ടിക തയാറാക്കും.
ഇപ്രകാരം തയാറാക്കുന്ന ഓരോ കുടുംബത്തില്നിന്നും ഓരോ സ്ത്രീയെ തെരഞ്ഞെടുക്കും. ഈ സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലേക്കായിരിക്കും പ്രതിമാസം 8,500 രൂപ തോതിൽ പ്രതിവർഷം ഒരു ലക്ഷം രൂപ നൽകുക. കുടുംബത്തിന് മുഴുവനും വേണ്ടിയാണ് ഈ തുക. -രാഹുൽ കൂട്ടിച്ചേർത്തു.