പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിക്കാനുള്ള ഒരവസരവും രാഹുല്‍ ഗാന്ധി അടുത്തിടെയായി പാഴാക്കാറില്ല. അക്കൂട്ടത്തിലൊന്നായിരുന്നു, പ്രധാനമന്ത്രിയുടെ ആലിംഗന നയതന്ത്രം. എന്നാല്‍ ആ പരിഹാസം മറ്റൊരുതരത്തിലാക്കി നരേന്ദ്രമോദിയുടെ കഴിവായി അവതരിപ്പിക്കുകയാണ് ബിജെപി ചെയ്തത്. അതുകൊണ്ടാണെന്നു തോന്നുന്നു, പ്രധാനമന്ത്രിയുടെ ആലിംഗന നയതന്ത്രത്തെ സംബന്ധിച്ച് മോദിയ്ക്ക് പുതിയ പരിഹാസവുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്തെത്തിയിരിക്കുന്നു. താനൊരു സാധാരണക്കാരന് എന്ന് നിരന്തരം പറയുന്ന പ്രധാനമന്ത്രി ശരിക്കും ഈ കെട്ടിപ്പിടുത്തവും ആലിംഗനവും ചെയ്യേണ്ടത് രാജ്യത്തെ തൊഴിലാളികളോടും കര്‍ഷകരോടും സൈനികരോടുമാണെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.
ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പരിഹാസം. സ്വയം സാധാരണക്കാരനാണെന്ന് വിശേഷിപ്പിക്കുന്ന നരേന്ദ്രമോദി പക്ഷേ കെട്ടിപ്പിടുത്തത്തിന് ഇരയാക്കുന്നത് ചില പ്രത്യേക ആള്ക്കാരെയാണെന്ന് രാഹുല്‍ വിമര്‍ശനത്തില്‍ പറയുന്നു. ഈ ഉള്‍പ്രേരണയ്ക്ക് കാരണം എന്താണ്? താങ്കളുടെ ആലിംഗനത്തില്‍ കര്‍ഷകര്‍, തൊഴിലാളികള്‍, യുവാക്കള്‍ എന്നിവര്‍ ഉണ്ടാകുമോ എന്നും ചോദിക്കുന്നു. അന്താരാഷ്ട്ര നേതാക്കള്‍ ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ ആലിംഗനം ചെയ്യുന്നത് നരേന്ദ്രമോദിയുടെ പതിവാണ്. പ്രോട്ടോക്കോള്‍ പലതും ലംഘിച്ചുകൊണ്ടുള്ള മോദിയുടെ വികാരപ്രകടനങ്ങള്‍ പലതും വിവാദമായിരുന്നു. അതിനെയാണ് രാഹുല്‍ വിമര്‍ശിച്ചത്.