കോട്ടയം: മണിപ്പുര്‍ ഒരു വര്‍ഷത്തിലേറെയായി കത്തിയെരിയുമ്പോഴും ഒട്ടേറെ ഹതഭാഗ്യര്‍ കൊലചെയ്യപ്പെടുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദി ആ സംസ്ഥാനം സന്ദര്‍ശിക്കുകയോ വംശീയ പ്രശ്നത്തിനു പരിഹാരം കണ്ടെത്തുകയോ ചെയ്യാത്തത് രാജ്യത്തെ മതന്യൂനപക്ഷങ്ങളോടു കാണിക്കുന്ന കടുത്ത അപരാധമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യന്‍ സൈന്യത്തിനു കര്‍ക്കശമായ നിര്‍ദേശം മോദി നല്കിയാല് മൂന്നു ദിവസത്തിനുള്ളില്‍ മണിപ്പുരില്‍ സമാധാനം കളിയാടും. രാജ്യം ഭയാനകമായ അന്തരീക്ഷത്തിലൂടെയാണു കടന്നുപോകുന്നത്.
യുഡിഎഫ് സ്ഥാനാര്‍ഥി കെ. ഫ്രാന്‍സിസ് ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം കോട്ടയത്ത് പ്രസംഗിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും നരേന്ദ്ര മോദിയും തമ്മിലെ അടുപ്പത്തില്‍ ദുരൂഹതയുണ്ട്.
പിണറായി വിജയനുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങള്‍ വേണ്ടവിധത്തില്‍ അന്വേഷിക്കാതിരിക്കുന്നത് ദുരൂഹമാണ്. മറ്റു പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരെ ജയിലിലടയ്ക്കുകയും ഭരണത്തിനു കൂച്ചുവിലങ്ങിടുകയും ചെയ്യുന്ന സാഹചര്യമുണ്ട്. എന്നാല്‍ കേരളത്തില്‍ ഇതൊന്നും കാണുന്നില്ല. ബിജെപിക്കെതിരേ 24 മണിക്കൂറും യുദ്ധം നടത്തുന്നയാളാണ് താനെന്നും ഇനിയും ആ പോരാട്ടം തുടരുമെന്നും രാഹുല്‍ പരഞ്ഞു.
ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ പാര്‍ലമെന്റിൽ 50 ശതമാനം വനിതാ സംവരണം ഏര്‍പ്പെടുത്തും. നരേന്ദ്രമോദി വനിതാ സംവരണ ബില്‍ പാസാക്കിയെങ്കിലും നടപ്പാക്കാന്‍ 10 വര്‍ഷം കാത്തിരിക്കണമെന്നാണു പറയുന്നത്. ഇന്ത്യ മുന്നണി ഭരണത്തിലെത്തിയാല്‍ ഉടന്‍ സംവരണം നടപ്പാക്കും: രാഹുൽ പറഞ്ഞു.
സ്വന്തം ലേഖകന്‍