പഴയ മണ്ഡലമായ അമേഠിയില്‍ രാഹുല്‍ ഗാന്ധി സഹായമെത്തിച്ചപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ വയനാടിന്റെ പരിധിയില്‍ ഉള്‍പ്പെട്ട കരുവാരക്കുണ്ടില്‍ അവശ്യ വസ്തുക്കളെത്തിച്ച് സ്മൃതി ഇറാനിയും.
സ്മൃതിയുടെ മണ്ഡലമാണ് അമേഠി, ഇതിനു മുമ്പ് മൂന്നു തവണയും രാഹുല്‍ ഗാന്ധിയായിരുന്നു ഈ മണ്ഡലത്തിലെ എംപി.
തന്റെ മുന്‍ മണ്ഡലത്തിലേക്ക്കഴിഞ്ഞമാസം രണ്ടു ഘട്ടങ്ങളിലായി രാഹുല്‍ ഭക്ഷ്യധാന്യങ്ങള്‍, സാനിറ്റൈസറുകള്‍, മാസ്‌കുകള്‍ എന്നിവയാണ് രാഹുല്‍ എത്തിച്ചത്.
അരി, ഗോതമ്പ് എന്നിവയ്ക്ക് പുറമെ 12000 കുപ്പി സാനിറ്റൈസറുകള്‍, ഇരുപതിനായിരം മുഖാവരണങ്ങള്‍, 10000 സോപ്പ് എന്നിവയാണ് രാഹുല്‍ എത്തിച്ചത്.
ഇതിനു പിന്നാലെയാണ് സ്മൃതി ഇറാനി ഇടപെട്ട് വയനാട്ടിലേക്ക് ഭക്ഷ്യധാന്യങ്ങള്‍ എത്തിച്ചത്.
മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടില്‍ അമേഠി സ്വദേശികളടക്കമുള്ള തൊഴിലാളികള്‍ കുടുങ്ങിയിട്ടുണ്ട്. ഇവര്‍ നാട്ടിലുള്ള ചിലരെ, തങ്ങള്‍ ഭക്ഷണംകിട്ടാതെ വിഷമിക്കുകയാണെന്ന് അറിയിച്ചിരുന്നു.
ഇക്കാര്യം മന്ത്രി സ്മൃതി ഇറാനിയെ ബി.ജെ.പി.യുടെ പ്രാദേശിക നേതൃത്വം ധരിപ്പിച്ചതിനെത്തുടര്‍ന്നായിരുന്നു നടപടി.
പിന്നീട് വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെ കാര്യങ്ങള്‍ അറിയിച്ചതുപ്രകാരം സേവാഭാരതി പ്രവര്‍ത്തകര്‍ കരുവാരക്കുണ്ടിലെത്തി തൊഴിലാളികളെ കണ്ടു.
തുടര്‍ന്ന് ഇവര്‍ക്ക് ആവശ്യമായ ഭക്ഷണ സാമഗ്രികള്‍ ഉടന്‍തന്നെ എത്തിക്കുകയായിരുന്നു.
തുടര്‍ന്നുള്ള ദിവസങ്ങളിലും ഇവര്‍ക്ക് ഭക്ഷണം ഉറപ്പാക്കുമെന്ന് സേവാഭാരതി പ്രവര്‍ത്തകര്‍ അറിയിച്ചു.
രണ്ട് അമേഠി സ്വദേശികള്‍ ഉള്‍പ്പടെ ഇരുപതോളം തൊഴിലാളികളാണ് ഭക്ഷണം കിട്ടാതെ കുടുങ്ങിയിരുന്നത്.
ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണിവര്‍.
പഞ്ചായത്ത് കൈകാര്യം ചെയ്യുമെന്ന് പറഞ്ഞ് ഏജന്റ് മുങ്ങിയതാണ് തൊഴിലാളികളെ വെട്ടിലാക്കിയത്.
പഞ്ചായത്തിന്റെ പട്ടികയില്‍ ഇവരുടെ പേരില്ലാത്തതിനാല്‍ സഹായം ലഭിച്ചതുമില്ല. ഈ സാഹചര്യത്തിലാണ് ഇവര്‍ നാട്ടിലേക്ക് വിളിക്കുന്നതും സ്മൃതി ഇറാനി ഇടപെടുന്നതും.