പുൽപ്പളളി: വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കാണാൻ രാഹുൽ ഗാന്ധി എംപി വയനാട്ടിലെത്തി. കണ്ണൂരിൽ നിന്ന് റോഡുമാർഗമാണ് രാവിലെ ഏഴേ മുക്കാലോടെ രാഹുൽ പടമലയിലെത്തിയത്.
ബേലൂർ മഖ്നയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ വീട്ടിലാണ് രാഹുൽ ആദ്യമെത്തിയത്. ഇരുപത് മിനിറ്റോളം അദ്ദേഹം വീട്ടുകാരുമായി സംസാരിച്ചു. അതേസമയം, അജീഷിന്റെ വീട്ടിൽ നിന്ന് സന്ദർശനം കഴിഞ്ഞിറങ്ങിയ രാഹുലിനോട് സംസാരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
തുടർന്ന് രാഹുലുമായി പ്രദേശവാസി സംസാരിക്കുകയും ആനയെ പിടിക്കാത്തതിലുള്ള പ്രതിഷേധം അറിയിക്കുകയും ചെയ്തു. ആവശ്യത്തിന് ചികിത്സ കിട്ടാനുള്ള സംവിധാനമില്ലെന്നും രാഹുലിനെ പ്രദേശവാസി അറിയിച്ചു.
കഴിഞ്ഞ ദിവസം കാട്ടാനയുടെ ചവിട്ടേറ്റു മരിച്ച പി.വി. പോളിൻ്റെ പാക്കത്തെ വീടും രാഹുൽ സന്ദർശിക്കും. കടുവയുടെ ആക്രമണത്തിൽ കഴിഞ്ഞ ഡിസംബറിൽ കൊല്ലപ്പെട്ട മൂടക്കൊല്ലി സ്വദേശി പ്രജീഷിൻ്റെ വീടും അദ്ദേഹം സന്ദർശിക്കുന്നതാണ്.
കൽപ്പറ്റയിൽ പിഡബ്യൂഡി റസ്റ്റ് ഹൌസിൽ ജില്ലാ ഭരണകൂടവുമായി നിലവിലെ സ്ഥിതിഗതികൾ രാഹുൽ ഗാന്ധി വിലയിരുത്തും. ഭാരത് ജോഡോ ന്യായ് യാത്രക്ക് ചെറിയ ഇടവേള നല്‍കിയാണ് രാഹുല്‍ വയനാട്ടില്‍ എത്തിയത്.