വയനാട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നു വിഷയങ്ങളാണ് വോട്ടർമാരെ സ്വാധീനിക്കുകയെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കാർഷിക പ്രതിസന്ധിയും അഴിമതിയും സാമ്പത്തിക മേഖലയുടെ തകർച്ചയുമാണ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുക- അദ്ദേഹം പറഞ്ഞു. വയനാട് മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ.
വാഗ്ദാനം ചെയ്ത തൊഴിൽ നൽകാത്തതും അംബാനിക്ക് 30,000 കോടി നൽകിയതും തെരഞ്ഞെടുപ്പിൽ പ്രധാന വിഷയങ്ങളാകും. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇതൊന്നും മനസിലാവില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി.
മോദിയുടെ അനിൽ ഭായ് ആയതാണ് അംബാനിക്ക് റഫാൽ കരാറിനുള്ള യോഗ്യത. എന്നാൽ റഫാലിൽ മോദിക്കെതിരായ പരാമർശത്തിൽ സുപ്രീം കോടതി നോട്ടീസുമായി ബന്ധപ്പെട്ട ചോദ്യത്തിനു വിഷയം പഠിച്ചുവരികയാണെന്നായിരുന്നു രാഹുലിന്റെ മറുപടി.