ഭോപാല്‍: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കുചേര്‍ന്ന് ബോക്സിംഗ് താരം വിജേന്ദര്‍ സിംഗ്.
മധ്യപ്രദേശിലെ പര്യടനത്തിനിടെയാണ് ഒളിംപിക്സ് മെഡല്‍ ജേതാവ് വിജേന്ദര്‍ സിംഗ് പദയാത്രയില്‍ അണിചേര്‍ന്നത്. രാഹുലിനൊപ്പം മീശ പിരിച്ച് വിജേന്ദര്‍ നടക്കുന്ന ചിത്രം നവമാധ്യമങ്ങളില്‍ വൈറലായി.
എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയടക്കമുള്ള നേതാക്കളും പ്രവര്‍ത്തകരും ചിത്രം പങ്കുവച്ചിട്ടുണ്ട്.ജോഡോ യാത്രയ്ക്ക് ആവേശോജ്ജ്വലമായ വരവേല്പാണ് മധ്യപ്രദേശില്‍ ലഭിക്കുന്നത്. നവംബര്‍ 23നാണ് പദയാത്ര സംസ്ഥാനത്ത് പ്രവേശിച്ചത്.
12 ദിവസമാണ് മധ്യപ്രദേശിലെ പര്യടനം. മധ്യപ്രദേശിൽ കമല്‍നാഥിന്റെ നേതൃത്വത്തില്‍ അധികാരത്തിലേറിയ കോണ്‍ഗ്രസ് സര്‍ക്കാരിനെ ബിജെപി അട്ടിമറിച്ചത് അഴിമതിക്കാരായ എംഎല്‍എമാര്‍ക്ക് 20-25 കോടി നല്‍കിയാണെന്ന് രാഹുല്‍ ആരോപിച്ചു.
ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനു കീഴില്‍ ജനാധിപത്യപരമായ എല്ലാ വാതിലുകളും അടഞ്ഞതോടെയാണ് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്.
വിദ്വേഷം, അക്രമം, രാജ്യത്തു പരത്തുന്ന ഭീതി എന്നിവയ്ക്കും തൊഴിലില്ലായ്മയ്ക്കും വിലക്കയറ്റത്തിനും എതിരെയുമാണ് യാത്രയെന്നും രാഹുല്‍ വ്യക്തമാക്കി.