പ്രളയത്തില്‍ നഷ്ടപ്പെട്ട പശുവിനു പകരം ഇനി രാഹുല്‍ഗാന്ധി സമ്മാനിച്ച പശു മേരിക്കു സ്വന്തം. പ്രളയത്തിനു പിന്നാലെ അത്താണിയിലെ സെന്റ് ഫ്രാന്‍സീസ് അസീസി സ്കൂളിലെ ദുരിതാശ്വാസക്യാമ്പ് സന്ദര്‍ശിച്ചപ്പോള്‍ മേരിക്കു പശുവിനെ വാങ്ങി നല്‍കാമെന്നു രാഹുല്‍ഗാന്ധി വാഗ്ദാനം ചെയ്തിരുന്നു. അന്‍വര്‍ സാദത്ത് എംഎല്‍എയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നലെ വീട്ടിലെത്തി പശുവിനെ സമ്മാനിച്ചു.
നെടുമ്പാശേരി പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡിലെ മൂഴിയാല്‍ മാളിയേക്കല്‍ മേരി ഔസേപ്പിനു (65) മഹാപ്രളയത്തില്‍ വീട്ടിലെ സര്‍വവും നഷ്ടപ്പെട്ടിരുന്നു. തൊഴുത്തില്‍ കെട്ടിയിട്ടിരുന്ന പശുവിന്റെ ജീവനും പ്രളയമെടുത്തു. ക്യാമ്പിലത്തെിയപ്പോള്‍ പശു നഷ്ടപ്പെട്ട ദുഃഖത്തിലായിരുന്നു മേരി. അതിനിടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ ക്യാമ്പ് സന്ദര്‍ശനം.
ക്യാമ്പില്‍നിന്നു രാഹുല്‍ മടങ്ങുമ്പോള്‍ ഏറ്റവും പിന്നിലെ ബെഞ്ചിലായിരുന്ന മേരി ‘മോനെ’ എന്ന് രാഹുലിനെ വിളിച്ചു. വിളി കേട്ടു തിരിഞ്ഞു നോക്കിയ രാഹുല്‍ കണ്ണീരോടെ എന്തോ പറയുന്ന മേരിയെ കണ്ട് അടുത്തേക്കു ചെന്നു. തന്റെ ഉപജീവനമാര്‍ഗമായിരുന്ന പശുവിനെ നഷ്ടപ്പെട്ട കാര്യം ഹൃദയഭേദകമായി മേരി പങ്കുവച്ചു. ഉടന്‍തന്നെ സമീപത്തുണ്ടായിരുന്ന അന്‍വര്‍ സാദത്ത് എംഎല്‍എയോടു മേരിക്കു പശുവിനെ വാങ്ങിക്കൊടുക്കണമെന്നു നിര്‍ദേശിക്കുകയായിരുന്നു.
പശുഫാം നടത്തിവരുന്ന യൂത്ത് കോണ്‍ഗ്രസ് തൃശൂര്‍ ആലത്തൂര്‍ പാര്‍ലമെന്റ് സെക്രട്ടറി അഭിലാഷ് പ്രഭാകര്‍ മേരിക്കു പശുവിനെ നല്‍കാനുള്ള സന്നദ്ധത എംഎല്‍എയെ അറിയിച്ചു. മേരിയുടെ നഷ്ടപ്പെട്ട ഒരു വയസുള്ള പശുവിനു പകരം ചെനയുള്ള രണ്ടു വയസുള്ള മുന്തിയ ഇനത്തില്‍പ്പെട്ട പശുവിനെയാണു സമ്മാനിച്ചത്. രാഹുല്‍ ഗാന്ധിക്ക് ആയിരമായിരം നന്ദി എന്ന വാക്കുകളോടെ മേരി പശുവിനെ ഏറ്റുവാങ്ങി.
പ്രളയത്തില്‍ പശുക്കള്‍ നഷ്ടപ്പെട്ട ക്ഷീരകര്‍ഷകര്‍ക്കു പശുവിനെ നല്കാന് അഭിലാഷിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുള്ള ഫേസ്ബുക്ക് കൂട്ടായ്മ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. പശുവിനോടുള്ള സ്നേഹരാഷ്ട്രീയം എന്ന പേരില്‍ 10 പശുക്കളെയാണ് ആദ്യഘട്ടം നല്‍കുന്നത്. കൂട്ടായ്മയില്‍ പി.ടി. തോമസ് എംഎല്‍എയും അംഗമാണ്.