വയനാട് ലോക്‌സഭയില്‍ നിന്ന് മത്സരിക്കുന്നതിനായി, നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഏറെ ആവേശത്തോടെയാണ് കേരളം വരവേറ്റത്. കോണ്‍ഗ്രസ് നേതാക്കള്‍ പോലും പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ വലിയ ആള്‍ക്കൂട്ടവും ആവേശവുമാണ് വയനാട്ടില്‍ കാണാന്‍ കഴിഞ്ഞത്.
അതിഗംഭീര സ്വീകരണം നല്‍കിയശേഷം ഇരുവരെയും ഏറെ സ്‌നേഹത്തോടെ വയനാട്ടുകാര്‍ യാത്ര അയയ്ക്കുകയും ചെയ്തു. ശേഷം മഹാരാഷ്ട്രയിലെ പൂനെയില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കവെ വയനാട്ടിലെ തനിക്ക് ഇഷ്ടപ്പെട്ട ഭക്ഷണ വിഭവത്തെക്കുറിച്ചും രാഹുല്‍ഗാന്ധി വെളിപ്പെടുത്തുകയുണ്ടായി.
എരിവ് കൂടുതലാണെങ്കിലും കേരളത്തിലെ ചോറും കറികളും തനിക്ക് ഏറെ ഇഷ്ടപ്പെട്ടെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞത്. പുണെയില്‍ വിദ്യാര്‍ഥികളോട് സംവദിക്കവെയാണ് വയനാടന്‍ ഭക്ഷണം ഇഷ്ടപ്പെട്ടെന്ന് രാഹുല്‍ പറഞ്ഞത്.
അതേസമയം ‘ന്യായ്’ പദ്ധതിക്കായി പണം എവിടെയെന്ന് ആരും ആശങ്കപ്പെടേണ്ടെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് പ്രകടനപത്രികയിലെ എല്ലാ വാഗ്ദാനങ്ങളും രാജ്യത്തെ ജനങ്ങളുടെ വികാരമാണ്. ഏറെ ആലോചിച്ചശേഷമാണ് കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കിയതെന്നും മിനിമംവേതന പദ്ധതിയുടെ പേരില്‍ നികുതി വര്‍ധിപ്പിക്കേണ്ടിവരില്ലെന്നും രാഹുല്‍ഗാന്ധി വ്യക്തമാക്കി. പൂനെയില്‍ ഭാരതീയ വിദ്യാപീഠിലെ കോളജ് വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.