കൽപ്പറ്റ: ദേശീയപാത യാത്രാ നിരോധനവുമായി ബന്ധപ്പെട്ട് അഞ്ച് പേർ നടത്തുന്ന സമരം വയനാട്ടിലെ മുഴുവൻ ജനങ്ങളുടേതുമാണ്. സമരത്തിന് എല്ലാ രാഷ്ട്രീയപാർട്ടികളും ഒരുമിച്ചാണ് എന്നത് സന്തോഷം നൽകുന്നതാണെന്നും രാഹുൽഗാന്ധി. ദേശീയപാത 766 ലെ യാത്രാ നിരോധനത്തിനെതിരെ യുവജന സംഘടനകൾ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യവുമായി ബത്തേരിയിൽ സമരപ്പന്തലിലെത്തി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോൾ നിരാഹാരമനുഷ്ടിക്കുന്ന അഞ്ച് പേരെയും നിരാഹാരം അനുഷ്ടിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അഞ്ച്പേരെയും രാഹുൽ സന്ദർശിച്ചു. ജനങ്ങളുടെ യാത്രാ ക്ലേശം പരിഹരിക്കാന്‍ തീർച്ചയായും ഇടപെടും. ദേശീയപാത 766 ൽ നിലവിലുള്ള യാത്രാനിരോധനം സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും രാജ്യത്തെ പ്രമുഘരായ അഭിഭാഷകരെ ഉപയോഗിച്ച് കേസ് വാദിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
വയനാട്ടിലെ ജനങ്ങൾക്കൊപ്പം നിൽക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായും യാത്രാനിരോധനവുമായി ബന്ധപ്പെട്ട ഇക്കാര്യങ്ങൾ പ്രധാനമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാവിലെ ഒന്‍പതിന് എത്തിയ രാഹുൽ ഒരു മണിക്കൂറോളം സമരപന്തലിൽ ചെലവഴിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കോഴിക്കോട് എംപി എം.കെ. രാഘവൻ തുടങ്ങിയ നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
യുവജന സംഘടനകൾ നടത്തുന്ന പത്താം ദിവസത്തിലേയ്ക്ക് കടന്ന ഇന്ന് അതിരാവിലെ മുതൽ ആയിരക്കണക്കിന് ജനങ്ങൾ സമരത്തിന് ഐക്യദാർഢ്യവുമായി ബത്തേരിയിൽ എത്തിയിരുന്നു. രാത്രിയാത്ര നിരോധനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് യുവജന കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്വതന്ത്ര മൈതാനിയിൽ നടക്കുന്ന സമര പന്തലിലേക്ക് ജനങ്ങളുടെ ഒഴുക്ക് തുടരുകയാണ്. ഇതുവരെ രണ്ട് ലക്ഷത്തോളം പേർ സമരപന്തൽ സന്ദർശിച്ചു.