സംഘപരിവാറിന്റെ മറ്റൊരു കള്ളക്കഥ കൂടി പൊളിഞ്ഞിരിക്കുന്നു! മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെക്കൊണ്ട് തന്റെ കാല്‍ പിടിപ്പിക്കുന്ന രാഹുല്‍ഗാന്ധി എന്ന രീതിയില്‍ പ്രചരിപ്പിച്ച ചിത്രത്തിന്റെ സത്യാവസ്ഥ പുറത്ത്

സമൂഹമാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നവര്‍ കാരണം സത്യമേത് വ്യാജമേത് എന്ന് തിരിച്ചറിയാന്‍ പല കാര്യങ്ങളിലും ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച് രാഷ്ട്രീയ മേഖലയില്‍, എതിരാളികളെ തറ പറ്റിക്കാനായി പല രീതിയിലും സമൂഹമാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നുണ്ട്.

സമാനമായ രീതിയില്‍ കോണ്‍ഗ്രസിന്റെ എതിരാളികള്‍ നിലവില്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു ചിത്രത്തിന്റെയും വാര്‍ത്തയുടെയും സത്യാവസ്ഥയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ വേദിയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ടി.എസ് സിങ് ഡിയോ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കാല് തൊട്ടുവന്ദിച്ചെന്നായിരുന്നു ചിത്രമുള്‍പ്പെടെ കാണിച്ച് ഇവരുടെ പ്രചാരണം.

‘ഇന്ത്യ എഗെയ്ന്‍സ്റ്റ് പെസ്റ്റിറ്റിയൂഡ്’ എന്ന ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രചാരണം. ’48 കാരനായ മുതിര്‍ന്ന നേതാവ് 80 കാരനായ യുവ നേതാവിനെ അനുഗ്രഹിക്കുന്നു, എന്റെ സുഹൃത്ത് പപ്പു ജി വലിയവനാണ്’എന്ന തലക്കെട്ടിലായിരുന്നു ഗ്രൂപ്പില്‍ ചിത്രം പോസ്റ്റ് ചെയ്തത്. ഒറ്റനോട്ടത്തില്‍ ഇത് സത്യമാണെന്ന് തോന്നുകയും ചെയ്യും. എന്നാല്‍ സത്യമെന്താണെന്ന് പിന്നീട് മന്ത്രി തന്നെ വെ?ളിപ്പെടുത്തി.

‘സത്യപ്രതിജ്ഞാ ചടങ്ങില്‍ വേദിയില്‍ വച്ച് എല്ലാവരുടെയും കാല്‍ തൊട്ട് വന്ദിച്ചിരുന്നു. എന്നാല്‍ രാഹുലിന്റെ സമീപമെത്തിയപ്പോള്‍ അദ്ദേഹം എനിക്ക് കൈതരികയാണ് ചെയ്തത്. നിങ്ങള്‍ ആ ചിത്രം ഒന്നു സൂക്ഷിച്ചുനോക്കിയാല്‍ വേറൊരു കാര്യം വ്യക്തമാകും.

മന്‍മോഹന്‍സിങ് ജി കയ്യില്‍ പിടിച്ചിരുന്ന പൂച്ചെണ്ടില്‍ നിന്നും ഒരു വലിയ നൂല്‍ താഴെയ്ക്ക് കിടന്നിരുന്നു. അതെടുത്ത് മാറ്റാന്‍ ഞാന്‍ കുനിഞ്ഞപ്പോള്‍ എടുത്ത ചിത്രമാണ് ഇത്തരത്തില്‍ അടിസ്ഥാനരഹിതമായ തലക്കെട്ടോടെ പ്രചരിപ്പിക്കുന്നത്.- മന്ത്രി പറയുന്നു. അങ്ങനെ മറ്റൊരു കള്ളക്കഥയുടെ മുഖംമൂടി കൂടി അഴിഞ്ഞ് വീണിരിക്കുന്നു.

Related posts