ന്യൂഡൽഹി: ഉത്തർപ്രദേശിലെ ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങളുമായി കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ കാണിക്കുന്നവർക്കൊപ്പമാണ് യുപിയിലെ ബിജെപി സർക്കാരെന്ന് രാഹുൽ തുറന്നടിച്ചു. അത്തരം അനീതികൾക്കെതിരെ പ്രതികരിക്കുകയും പ്രതിഷേധമുയർത്തുകയും ചെയ്യുന്ന കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്ന നിലപാടാണ് യോഗി സർക്കാരിന്റേതെന്നും രാഹുൽ പറഞ്ഞു.
ഇത്തരം ബുദ്ധിമുട്ടുകൾക്കിടയിലും കോൺഗ്രസ് പ്രവർത്തകർ തെരുവിൽ പ്രതിഷേധിക്കുന്നത് തുടരുകയാണെന്നും അടിച്ചമർത്തലുകളെ നേരിടുക തന്നെ ചെയ്യുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
ബിജെപി നേതാവ് ചിന്മയാനന്ദിനെതിരെ പീഡനക്കുറ്റമാരോപിച്ച ഷാജഹാൻപൂരിലെ നിയമ വിദ്യാർഥിയെ പിന്തുണച്ച് കോൺഗ്രസ് നടത്താനിരുന്ന പദയാത്രയ്ക്ക് അനുമതി നിഷേധിക്കപ്പെട്ടതിനു പിന്നാലെയാണ് രാഹുൽ വിമർശന ശരങ്ങളുമായി രംഗത്തെത്തിയത്. തിങ്കഴാഴ്ച 10ന് യുപിയിലെ പാർട്ടി ഓഫീസിൽ നിന്ന് പദയാത്ര ആരംഭിച്ച് നഗരത്തിലെത്തി പ്രതിഷേധ യോഗം ചേരാനായിരുന്നു കോൺഗ്രസ് നിശ്ചയിച്ചിരുന്നത്.
എന്നാൽ, നവരാത്രി- ദുർഗാ പൂജ ആഘോഷങ്ങൾ നടക്കുന്നതിനാൽ നഗരത്തിലാകെ വൻതിരക്കാണ് അനുഭവപ്പെടുന്നതെന്നും അതിനിടെ കോൺഗ്രസിന്റെ പദയാത്ര നടത്തിയാൽ അത് നിയന്ത്രിക്കാനാകില്ലെന്നും പോലീസ് സുരക്ഷ നൽകാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഷാജഹാൻപൂർ ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചത്.