കണ്ണൂർ: പ്രളയബാധിത മേഖലകൾ സന്ദർശിക്കാനെത്തുന്ന രാഹുൽഗാന്ധി ഇന്ന് ഉച്ചയോടെ കണ്ണൂരിലെത്തും. ഉച്ചയ്ക്ക് 12.15ന് കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന രാഹുൽ ഗാന്ധി കണ്ണൂരിൽ കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് റോഡുമാർഗം വയനാട്ടിലേക്ക് തിരിക്കും.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, കെ. സുധാകരൻ എംപി, എംഎൽഎമാരായ കെ.സി. ജോസഫ്, സണ്ണി ജോസഫ്, കെപിസിസി ഭാരവാഹികളായ വി.എ. നാരായണൻ, സുമ ബാലകൃഷ്ണൻ, കെ. സുരേന്ദ്രൻ, സജീവ് ജോസഫ്, ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി എന്നിവരുടെ നേതൃത്വത്തിൽ രാഹുൽഗാന്ധിക്ക് കണ്ണൂർ വിമാനത്താവളത്തിൽ സ്വീകരണം നൽകും.
തുടർന്ന് കോൺഗ്രസ് നേതാക്കളൊപ്പമാണ് രാഹുൽഗാന്ധിക്ക് ഉച്ചഭക്ഷണം ഒരുക്കിയിരിക്കുന്നത്. ഇതിനുശേഷമാണ് കണ്ണൂരിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും രാഹുൽ ഗാന്ധിക്ക് ഒപ്പമുണ്ട്.
രാഹുൽഗാന്ധിയുടെ സന്ദർശനത്തിനോടനുബന്ധിച്ച് കണ്ണൂർ വിമാനത്താവളത്തിലും രാഹുൽ ഗാന്ധി കടന്നുപോകുന്ന നെടുംപൊയിൽ ചുരം റോഡിലുംകണ്ണൂർ ജില്ലാ പോലീസ് മേധാവി പ്രതീഷ്കുമാറിന്റെ നേതൃത്വത്തിൽ കർശന സുരക്ഷ ഒരുക്കിയിട്ടുണ്ട്. എൻഎസ്ജിയുടെ പ്രത്യേക സുരക്ഷയ്ക്ക് പുറമേ ആഭ്യന്തര സുരക്ഷാവിഭാഗവും സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ നിയോജക മണ്ഡലങ്ങളിലെ വിവിധ പ്രദേശങ്ങളിലാണ് രാഹുൽ ഗാന്ധി സന്ദർശനം നടത്തുന്നത്. നാളെയും ജില്ലയുടെ വിവിധ സ്ഥലങ്ങൾ സന്ദർശിക്കും.