കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനു തുടക്കമിട്ട് 29ന് കൊച്ചിയിലെത്തുന്ന കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അഭിസംബോധന ചെയ്യുക 24,970 വനിതാ ഭാരവാഹികളെ. രാഹുലിന്റെ താത്പര്യ പ്രകാരമാണ് വനിതാ ഭാരവാഹികളുമായി കൂടിക്കാഴ്ച ഒരുക്കിയിട്ടുള്ളതെന്നാണു വിവരം.
രാഹുൽ ഗാന്ധിയെ വരവേൽക്കുന്നതിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായും 15ന് ഡിസിസി ഓഫീസിൽ സ്വഗതസംഘ രൂപീകരണ യോഗം നടക്കുമെന്നും ഡിസിസി പ്രസിഡന്റ് ടി.ജെ. വിനോദ് പറഞ്ഞു. 29ന് എറണാകുളം മറൈൻ ഡ്രൈവിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട 24,970 ബൂത്ത് പ്രസിഡന്റുമാരും അത്രയും വനിതാ വൈസ് പ്രസിഡൻറുമാരും ഉൾപ്പെടെ അരലക്ഷത്തോളം പ്രതിനിധികളെയാകും രാഹുൽ ഗാന്ധി അഭിസംബോധന ചെയ്യുക. ഇതോടെ കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കമാകും.
ഇതാദ്യമായാണ് ഇത്രയുമധികം ബൂത്തുകളിൽ വൈസ് പ്രസിഡന്റ് പദവികളിലേക്കു വനിതകളെ പാർട്ടി നിയോഗിക്കുന്നത്. ബൂത്തുതല ഭാരവാഹിത്വത്തിൽ വനിതകൾക്കു പ്രാമുഖ്യം നൽകിയ കെപിസിസി നടപടിയിൽ സന്തുഷ്ടി പ്രകടിപ്പിച്ച രാഹുൽ, അവരെ അഭിസംബോധന ചെയ്യാൻ താൽപര്യമുണ്ടെന്ന് അറിയിക്കുകയായിരുന്നുവെന്നാണു വിവരം. സമ്മേളനത്തിൽ കെപിസിസി ഭാരവാഹികൾ ഉൾപ്പെടെ പ്രധാന നേതാക്കൾ പങ്കെടുക്കും.