കൊച്ചി: കോണ്ഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി കൊച്ചിയിൽ നാളെ പങ്കെടുക്കുന്ന കോൺഗ്രസ് നേതൃസംഗമത്തോടനുബന്ധിച്ചു നഗരത്തിലെത്തുന്ന വാഹനങ്ങൾക്കു പ്രത്യേക ഗതാഗത പാർക്കിംഗ് നിയന്ത്രണമേർപ്പെടുത്തി. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽനിന്നു വരുന്ന വാഹനങ്ങളും അങ്കമാലി, ആലുവ, പെരുന്പാവൂർ, കോതമംഗലം എന്നീ നിയോജക മണ്ഡലങ്ങളിൽനിന്നു വരുന്ന വാഹനങ്ങളും ആലുവ-എറണാകുളം ഹൈവേയിൽ മുട്ടം പാലം കഴിഞ്ഞ് (എസ് സിഎംഎസ് കോളജിന് മുന്നിൽ) വലത്തോട്ടു തിരിഞ്ഞു ഫ്ളൈ ഓവറിന് അടിയിലുള്ള കണ്ടെയ്നർ റോഡിലൂടെ വന്നു ബോൾഗാട്ടി ജംഗ്ഷനിൽ എത്തിച്ചേരണം.
അവിടെനിന്ന് ഇടത്തോട്ടു തിരിഞ്ഞു പ്രസ്റ്റീജ് ഫ്ളാറ്റിന് മുൻവശം പ്രവർത്തകരെ ഇറക്കണം. പ്രവർത്തകർ ഏബ്രഹാം മാടയ്ക്കൽ റോഡ് വഴി ഹൈക്കോടതി ജംഗ്ഷനിൽ എത്തി മറൈൻഡ്രൈവിലെ സമ്മേളനനഗരിയിൽ പ്രവേശിക്കണം. വാഹനങ്ങൾ ക്യൂൻസ് വാക്ക് വേയുടെ ഇരുവശങ്ങളിൽ ആയി പാർക്ക് ചെയ്യണം.
ഉച്ചയ്ക്ക് 12 ന് മുന്പായി വരുന്ന വാഹനങ്ങൾ ഹൈക്കോടതി ജംഗ്ഷനിൽ പ്രവർത്തകരെ ഇറക്കി വാഹനങ്ങൾ കലൂർ ഇന്റർനാഷണൽ സ്റ്റേഡിയത്തിന് സമീപം പാർക്ക് ചെയ്യണം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിൽനിന്നും മൂവാറ്റുപുഴ, പിറവം, കുന്നത്തുനാട് എന്നീ നിയോജക മണ്ഡലങ്ങളിൽനിന്നും വരുന്ന വാഹനങ്ങൾ വൈറ്റിലയിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് മെഡിക്കൽ ട്രസ്റ്റ് ജംഗ്ഷനിൽ എത്തി ഫോർഷോർ റോഡിലൂടെ വന്നു രാജേന്ദ്ര മൈതാനിക്കു സമീപം പ്രവർത്തകരെ ഇറക്കണം.
പ്രവർത്തകർ ഷണ്മുഖം-മേനക റോഡ് വഴി മറൈൻഡ്രൈവിലെ സമ്മേളന നഗരിയിൽ എത്തണം. വാഹനങ്ങൾ എറണാകുളത്തപ്പൻ ഗ്രൗണ്ടിലും ഫോർഷോർ റോഡിലുമായി പാർക്ക് ചെയ്യണം. ഇവിടങ്ങളിൽനിന്ന് ഉച്ചയ്ക്ക് 12ന് മുന്പായി വരുന്ന വാഹനങ്ങൾ ഷൺമുഖം-മേനക റോഡ് വഴി മറൈൻഡ്രൈവിൽ ആളുകളെ ഇറക്കി ഹൈക്കോടതി ജംഗ്ഷനിൽനിന്നു വലത്തോട്ടു തിരിഞ്ഞു കലൂർ സ്റ്റേഡിയത്തിനു സമീപം പാർക്ക് ചെയ്യണം.
ഈ രണ്ട് പാർക്കിംഗ് ഏരിയകളിലും വാഹനങ്ങൾ പാർക്ക് ചെയ്യുവാനുള്ള സൗകര്യം ഇല്ലാതെ വന്നാൽ മണപ്പാട്ടിപറന്പ്, കണ്ടെയ്നർ റോഡ്, കലൂർ സ്റ്റേഡിയത്തിനു സമീപം എന്നിവിടങ്ങളിലായി പാർക്ക് ചെയ്യേണ്ടതാണ്. രാഹുൽ ഗാന്ധിയുടെ പ്രസംഗം കഴിഞ്ഞു സമ്മേളനം അവസാനിച്ചശേഷം മാത്രമേ വാഹനങ്ങൾ സമ്മേളന നഗരിയിലെത്തി പ്രവർത്തകരെ കയറ്റാവൂ.