കൊച്ചി: ബിപിസിഎൽ സ്വകാര്യവത്കരണത്തിനെതിരെ നടക്കുന്ന പ്രക്ഷോഭ പരിപാടികളിൽ പങ്കാളിയാവാൻ രാഹുൽ ഗാന്ധി ഇന്ന് കൊച്ചിയിലെത്തും. വൈകിട്ട് ഏഴോടെ കണ്ണൂരിൽനിന്ന് നെടുന്പാശേരി വിമാനത്താവളത്തിലെത്തുന്ന രാഹുൽഗാന്ധി 7.30 ഓടെ അന്പലമുകൾ ബിപിസിഎൽ റിഫൈനറിയിലെത്തും. തുടർന്ന് സമരക്കാരെ അഭിവാദ്യം ചെയ്ത് സംസാരിക്കുന്ന രാഹുൽഗാന്ധി ബിപിസിഎൽ തൊഴിലാളികളുമായും മാനേജ്മെന്റ് പ്രതിനിധികളുമായും ചർച്ച നടത്തും.
ഒന്നര മണിക്കൂറോളം സമര പരിപാടികളിൽ പങ്കെടുത്ത ശേഷമായിരിക്കും രാഹുൽ ഗാന്ധി മടങ്ങുക. കൊച്ചിയിലെത്തുന്ന രാഹുൽഗാന്ധിക്ക് വൻ സ്വീകരണം ഒരുക്കുവാനാണു കോണ്‍ഗ്രസ് നേതാക്കൾ ഒരുങ്ങുന്നത്. രാഹുൽ ഗാന്ധിയുടെ സന്ദർശനം വൻ വിജയമാക്കുന്നതിന് ഡിസിസി ഓഫീസിൽ ചേർന്ന കോണ്‍ഗ്രസ് നേതാക്കളുടെയും ജനപ്രതിനിധികളുടേയും യോഗം ഇന്നലെ തീരുമാനിച്ചിരുന്നു.
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ വലിയ സമര പരിപാടികളാണ് വരാൻ പോകുന്നത്. പ്രതിഷേധ സമരങ്ങളുടെ ഭാഗമായി 12ന് യുഡിഎഫിന്റെ കളക്ടറേറ്റ് മാർച്ചും ധർണയും നടക്കും. കൂടാതെ 20 ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ പ്രതിക്ഷേധ മാർച്ച് സംഘടിപ്പിക്കാനാണ് തീരുമാനമായിട്ടുള്ളത്.
രാഹുൽ ഗാന്ധിയുടെ വരവ് ബിപിസിഎൽ സമരത്തിന് പുതിയമുഖം നൽകുമെന്ന് ബെന്നി ബഹനാൻ എംപി പറഞ്ഞു. സേവ് ബിപിസിഎൽ, സേവ് ഇന്ത്യ എന്ന മുദ്രവാക്യമാണ് രാഹുൽഗാന്ധി ഉയർത്തുന്നത്. രാഹുൽ ഗാന്ധിയുടെ സന്ദർശനം സമരം നയിക്കുന്ന തൊഴിലാളികൾക്കും സംഘടനകൾക്കും കൂടുതൽ ആത്മവിശ്വാസം നൽകും. കേന്ദ്ര സർക്കാർ അധികാരത്തിലേറിയ ശേഷം രാജ്യത്തിന്റെ സാന്പത്തികരംഗം തകർച്ചയിലാണ്.
മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് സാന്പത്തിക വളർച്ചയുടെ കാര്യത്തിൽ ഇന്ത്യ അമേരിക്കയോടും ചൈനയോടുമാണ് മത്സരിച്ചിരുന്നത്. എന്നാൽ ഇന്ന് രാജ്യത്തിന്റെ സാന്പത്തിക വളർച്ച വളരെ മോശമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.രാജ്യത്തെ സാന്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറ്റുന്നതിന് വേണ്ട ഒരു നടപടികളും സർക്കാർ സ്വീകരിക്കുന്നില്ല.
റിസർവ് ബാങ്കിന്റെ കരുതൽ മൂലധനം വരെ എടുത്തശേഷമാണ് മോദി സർക്കാർ പൊതുമേഖല സ്ഥാപനങ്ങളെയും വിൽക്കാൻ ഒരുങ്ങുന്നത്. ഉയർന്ന ലാഭത്തിൽ പ്രവർത്തിക്കുന്ന ബിപിസിഎലിനെ സ്വകാര്യവൽക്കരിക്കുന്നതിന് പിന്നിൽ ബിജെപിക്ക് വ്യക്തമായ താൽപര്യങ്ങളുണ്ടെന്നും എംപി കൂട്ടിച്ചേർത്തു.
രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണ് ബിപിസിഎലിന്റെ സ്വകാര്യവൽക്കരണമെന്ന് ഹൈബി ഈഡൻ എംപി പറഞ്ഞു. ബിപിസിഎൽ വാങ്ങാൻ പോകുന്നവരുടെ കയ്യിൽനിന്നും കോടികണക്കിന് രൂപ കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിലുള്ളവരും ബിജെപിയും വാങ്ങിയിട്ടുണ്ടെന്നതിൽ തർക്കമില്ല. കൊച്ചിയിൽ ബിപിസിഎൽ സ്ഥാപിക്കുന്നതിനായി സംസ്ഥാന സർക്കാരാണ് 1200 ഏക്കർ സ്ഥലം അനുവദിച്ചത്.
ആളുകൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിനും പൊതുമേഖലയെ ശാക്തീകരിക്കുന്നതിനും വേണ്ടിയാണ് അന്ന് സ്ഥലം നൽകിയത്. അതിനാൽ സ്ഥലം മറ്റൊരു സ്വകാര്യ കന്പനിക്കോ വ്യക്തിക്കോ ഒരിക്കലും ഏറ്റെടുക്കാൻ സാധിക്കില്ല. ഇക്കാര്യങ്ങൾ വ്യക്തമായി മനസിലാക്കിയശേഷം വേണ്ട നിയമ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്നും ഹൈബി ഈഡൻ ആവശ്യപ്പെട്ടു.