കോഴിക്കോട്: വടകരയില്‍ പി.ജയരാജനുവേണ്ടി ശക്തമായ പ്രചാരണവുമായി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങവേ ആരോപണങ്ങളുമായി കോണ്‍ഗ്രസ് നേതൃത്വം. പി.ജയരാജനെതിരേ ശക്തമായ രീതിയില്‍ പ്രചാരണം നടത്താനാണ് ഡിസിസി തീരുമാനം. പാര്‍ട്ടിയില്‍ നിന്ന് ഒഴിവാക്കാനുള്ള ഉപകരണമായിട്ടാണ് പി.ജയരാജനെ തോല്ക്കുമെന്നറിഞ്ഞിട്ടും വടകരയില്‍ സ്ഥാനാര്‍ഥിയായി നിയോഗിച്ചതെന്ന ആരോപണവുമായി ഡിസിസി പ്രസിഡന്റ് ടി.സിദ്ദിഖ് രംഗത്തെത്തി.
പി.ജയരാജനെ തോല്‍പ്പിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന മുന്നറിയിപ്പുമായി ആര്‍എംപി നേതാക്കള്‍ ഇതിനകം രംഗത്തെത്തികഴിഞ്ഞു. അപ്പോഴും പി.ജയരാജനെ എതിരിടാന്‍ രംഗത്തിറങ്ങുന്നതാര് എന്ന ചോദ്യം പലകോണുകളില്‍ നിന്നായി ഉയരുന്നതിനിടെയാണ് പാര്‍ട്ടിക്കുള്ളില്‍ തന്നെ ജയരാജനെതിരേയുള്ള നീക്കം പുറത്തുകൊണ്ടുവരാനും ഇത് തെരഞ്ഞെടുപ്പ് ഗോദയില്‍ ശക്തമായി ഉന്നയിക്കാനുമുള്ള കോഴിക്കോട് ഡിസിസിയുടെ തീരുമാനം.
മറ്റിടങ്ങളില്‍ ജില്ലാ സെക്രട്ടറിമാര്‍ മത്സരിക്കുമ്പോള്‍ നല്കിയ കീഴ്വഴക്കമല്ല ജയരാജന്റെ കാര്യത്തില്‍ പാര്ട്ടിയെടുത്തതെന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം ചൂണ്ടിക്കാട്ടുന്നു. കണ്ണൂരില്‍ സ്ഥിരം സെക്രട്ടറിയായി എം.വി. ജയജരാജനെ നിയോഗിച്ച് കഴിഞ്ഞു.
എന്തുകൊണ്ടാണ് പി.ജയരാജന്റെകാര്യത്തില് അങ്ങനെയൊരു തീരുമാനമെടുത്തതെന്ന് ചോദ്യമാണ് നേതാക്കള്‍ ഉയര്‍ത്തുന്നത്. വടകരയില്‍ വികസന രാഷ്ട്ട്രീയം യുഡിഎഫ് മുന്നോട്ട് വയ്ക്കുമ്പോള്‍ കൊലപാതക രാഷ്ട്രീയത്തിന്റെ മേഖലയിലേക്ക് തെരഞ്ഞെടുപ്പിനെ തിരിച്ച് വിടാനുള്ള ഉപകരണമായിട്ട് ജയരാജനെ ഇറക്കിയിരിക്കുന്നതെന്ന ആരോപണമാണ് നേതാക്കള്‍ ഉയര്‍ത്തുന്നത്.
അതേസമയം വടകരയില്‍ ഇതിനകം തന്നെ പ്രചാരണ പ്രവര്‍ത്തനങ്ങളുമായി ഇടതുമുന്നണി മുന്നേറികഴിഞ്ഞു. പലയിടത്തും പോസ്റ്ററുകള്‍ നിറഞ്ഞുകഴിഞ്ഞു. അപ്പോഴും സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്ത യുഡിഎഫ് നിലപാടിനെതിരേ ഇതിനകം തന്നെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ മുറുമുറുപ്പ് ഉയര്‍ന്നുകഴിഞ്ഞു.
വടകരയില്‍ ഇതിനകം തന്നെ പ്രചാരണത്തിന്റെ കാര്യത്തില്‍ ജയരാജന്റെ മുന്നേറ്റം എത്രവരെയെന്ന് ഞങ്ങള്‍ക്കറിയാം എന്നായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ മറുപടി. എന്തായാലും കോഴിക്കോട് മണ്ഡലത്തിനേക്കാള്‍ വടകര മണ്ഡലം നിലനിര്‍ത്തേണ്ടത് അഭിമാന പ്രശ്നമായാണ് കോഴിക്കോട് ജില്ലാ നേതൃത്വം കാണുന്നത്. അതേസമയം കോഴിക്കോട് ഉള്‍പ്പെടുന്ന മൂന്ന് മണ്ഡലവും അതായത് വടകര, കോഴിക്കോട്, വയനാട് മണ്ഡലത്തില്‍ യുഡിഎഫ് സീറ്റ് നിലനിര്‍ത്തുമെന്നാണ് നേതാക്കള്‍ പറയുന്നത്.
സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നത് വൈകുന്നതില്‍ കാര്യമില്ല. സിപിഎമ്മിനെ പോലെ പ്രാദേശികമായി മാത്രം ആലോചിച്ചാല്‍ പോര. കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ തീരുമാനമുണ്ടാവണം. അത് രണ്ട് ദിവസത്തിനുള്ളില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സിദ്ദിഖ് പറഞ്ഞു. നാളെ കോഴിക്കോട് സംഘടിപ്പിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പങ്കെടുക്കുന്ന ബഹുജന സംഗമം കേരളത്തിലെ തിരഞ്ഞെടുപ്പ് കാമ്പയിനിന്റെ ഉദ്ഘാടനമായി മാറ്റാനാണ് തീരുമാനം.