എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം : അടുത്ത തവണ കേന്ദ്ര ഭരണത്തിൽ നിന്ന് ബി.ജെപിയെ അകറ്റി നിർത്താൻ കേരളത്തിൽ നിന്നും പരമാവധി എം.പിമാരെ വിജയിപ്പിച്ചെടുക്കാനുള്ള നീക്കങ്ങൾ ആരംഭിക്കാൻ കെപിസിസിക്ക് എഐസിസി പ്രസിഡന്റ് രാഹുൽ ഗാന്ധിയുടെ നിർദ്ദേശം. അഞ്ചു നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പ്രകടനം കോൺഗ്രസ് ക്യാന്പിൽ ഉണ്ടാക്കിയിരിക്കുന്ന ആത്മവിശ്വാസം ചെറുതല്ല.
അജയ്യനായി തുടരുകയായിരുന്ന നരേന്ദ്രമോദിയെ വെല്ലുവിളിക്കാൻ പോന്ന നേതാവായി രാഹുൽ മാറിയെന്ന് മാധ്യമങ്ങളും ഘടകകക്ഷികളും ഇന്നലത്തെ തെരഞ്ഞെടുപ്പ് വിജയത്തോടെ ഒരേ സ്വരത്തിൽ പറഞ്ഞു തുടങ്ങിയതാണ് കോൺഗ്രസിന്റെ ആത്മവിശ്വാസം ഇരട്ടിപ്പിച്ചിരിക്കുന്നത്. ഇതിന്റെ ഹാങ് ഒാവർ മാറുന്നതിന് മുന്പ് എല്ലാ സംസ്ഥാനങ്ങളിലും ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ആരംഭിക്കാനാണ് അതാത് സംസ്ഥാനങ്ങളിലെ ചുമതലയുള്ള എഐസിസി സെക്രട്ടറിമാർക്ക് ഇന്നലെത്തന്നെ രാഹുൽ നിർദ്ദേശം നൽകിയിരിക്കുന്നത്.
ഇനിയുള്ള നിമിഷങ്ങൾ വിലപ്പെട്ടതാണെന്നും വെറുതെയിരുന്നു സമയം കളയരുതെന്നും യുവാക്കളേയും കർഷകരേയും കൂടുതൽ വിശ്വാസത്തിലെടുത്തുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് നിർദ്ദേശം. പരമാവധി കക്ഷികളെ കൂടെക്കൂട്ടി നേട്ടം കൊയ്യാനുള്ള നിർദ്ദേശവുമുണ്ട്. ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് വിജയത്തോടെ കോൺഗ്രസിനോട് കൂട്ടുകൂടാൻ കൂടുതൽ കക്ഷികൾ എത്തുമെന്ന് ഉറപ്പാണ്.
ഈ സാഹചര്യം കേരളത്തിലും പ്രയോജനപ്പെടുത്തണമെന്നാണ് നിർദ്ദേശം. കോൺഗ്രസ് മത്സരിക്കുന്ന സീറ്റുകളിൽ സിറ്റിംഗ് എംപിമാർ ഉൾപ്പടെ അഞ്ചുപേരുടെ ലിസ്റ്റ് തയ്യാറാക്കാനാണ് നിർദ്ദേശം. ലിസ്റ്റ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സിസി ജനറൽ സെക്രട്ടറിയും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടി എന്നിവരടങ്ങുന്ന സമതി പരിശോധിച്ച ശേഷം എഐസസിക്ക് നൽകാനാണ് നിർദ്ദേശം.
അന്തിമ പട്ടിക തയ്യാറാക്കുന്നതിന് മുന്പ് വിജയസാധ്യത ജാതി സമവാക്യം തുടങ്ങി എല്ലാ ഘടകങ്ങളും പരിശോധിക്കണമെന്ന് സ്ക്രീനിംഗ് കമ്മിറ്റിക്ക് രാഹുൽ നിർദ്ദേശം നൽകും. 15 സീറ്റാണ് എഐസി സി കേരളത്തിൽ ലക്ഷ്യമിടുന്നത്. ഇതിനുള്ള ശ്രമങ്ങൾ ആരംഭിക്കണമെന്നാണ് നിർദ്ദേശം. ഗ്രൂപ്പു സമവാക്യങ്ങൾക്കപ്പുറം വിജയസാധ്യതയ്ക്ക് മുൻതൂക്കം നൽകണമെന്ന രാഹുലിന്റെ നിർദ്ദേശം എത്രമാത്രം പ്രാവർത്തികമാകുമെന്ന് കണ്ടറിയണം.
കോൺഗ്രസുമായി അകൽച്ചയിലുള്ള മത-ജാതി സംഘടനകളെ പാർട്ടിയുമായി അടുപ്പിക്കാനുള്ള ശ്രമങ്ങൾ മുതിർന്ന നേതാക്കൾ തന്നെ നടത്തണം. യുഡിഎഫിലേക്ക് വരാൻ സാധ്യതയുള്ള കക്ഷികളെ എത്രയും വേഗം മുന്നണിയിലെത്തിക്കണം. സീറ്റിന്റെ കാര്യത്തിൽ ഘടകകക്ഷികളുമായി എത്രയും വേഗം അഭിപ്രായ സമന്വയം ഉണ്ടാക്കണം.
ചെറിയ അഭിപ്രായവ്യത്യാസം പോലും വിജയസാധ്യതയ്ക്ക് മങ്ങലേൽപ്പിക്കുമെന്നതിനാൽ പരമാവധി കല്ലുകടി ഒഴിവാക്കണമെന്ന കർശന നിർദേശം തന്നെ രാഹുൽ കെപിസിസി നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. ഉടൻതന്നെ മുതിർന്ന നേതാക്കൾ യോഗം ചേർന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിക്കും.