തൃശൂർ: പ്രവാസി കേരളീയരെ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ലോകകേരള സഭയെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി അയച്ച കത്തിനെ വിവാദമാക്കേണ്ട ഒരു കാര്യവും ഇല്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. കത്തയച്ചത് രാഹുൽ ഗാന്ധിയുടെ മഹാമനസ്കതയാണെന്നും ജനപ്രതിനിധി കാണിക്കേണ്ട മര്യാദ മാത്രമാണ് രാഹുൽ ഗാന്ധിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും ആ മര്യാദയെ വളച്ചൊടിച്ച് വിവാദമാക്കിയത് ശരിയായില്ലെന്നും കെ.സി വേണുഗോപാൽ തൃശൂരിൽ പറഞ്ഞു.
കോണ്‍ഗ്രസിന് രണ്ടു നിലപാടില്ല. സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനെ കേന്ദ്രനേതൃത്വം തള്ളിപ്പറഞ്ഞില്ല. സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിന് ഒപ്പം തന്നെയാണ് കേന്ദ്ര നേതൃത്വവും നിലകൊള്ളുന്നതെന്നും കെ.സി.വേണുഗോപാൽ വ്യക്തമാക്കി.