നിയാസ് മുസ്തഫ
നരേന്ദ്രമോദി ഇനി ഇന്ത്യയുടെ പ്രധാനമന്ത്രിയാകില്ലെന്ന് ഉറപ്പുതരാമെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി.
ഏഴുഘട്ടത്തിൽ നാലുഘട്ടം തെരഞ്ഞെടുപ്പ് പൂർത്തിയായതോടെയാണ് രാഹുൽഗാന്ധിയുടെ ഈ പ്രസ്താവന. 373 ലോക്സഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നുകഴിഞ്ഞു. ഇനി 169 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് നടക്കാനുള്ളത്.
ഉത്തർപ്രദേശിൽ എസ്പി-ബിഎസ്പി-ആർഎൽഡി സഖ്യവും (മഹാ സഖ്യം) കോണ്‍ഗ്രസും വേറിട്ട് മത്സരിക്കുന്നുവെന്നത് ബിജെപിക്ക് ഗുണം ചെയ്യില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മോദി വിരുദ്ധ വോട്ടുകൾ ഭിന്നിച്ചുപോകാനോ ഇതിന്റെ ഗുണഫലം ബിജെപിക്ക് കിട്ടാനോ കോണ്‍ഗ്രസ് അനുവദിക്കില്ല. കോണ്‍ഗ്രസിന് സ്വാധീനം കുറഞ്ഞ മണ്ഡലത്തിൽ മഹാസഖ്യത്തിന് അനുകൂലമായ നിലപാടായിരിക്കും കോണ്‍ഗ്രസ് സ്വീകരിക്കുക.
ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധിയോടും ജ്യോതിരാദിത്യ സിന്ധ്യയോടും കോണ്‍ഗ്രസിന്റെ പ്രധാന ലക്ഷ്യം ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. യുപിയിൽ വിജ യിക്കുക മതേതര സഖ്യമായിരിക്കും. അത് മഹാസഖ്യമാവാം, കോണ്‍ഗ്രസ് ആകാം. ഉത്തർപ്രദേശിനെ മുന്നിലെത്തിക്കാനാണ് കോണ്‍ഗ്രസും മഹാസഖ്യവും ശ്രമിക്കുന്നത്.
കഴിഞ്ഞ ദിവസം കോൺഗ്രസിനെ വിമർശിച്ച് ബിഎസ്പി നേ താവ് മായാവതിയും എസ്പി നേതാവ് അഖിലേഷ് യാദവും രംഗ ത്തുവന്ന സാഹചര്യത്തിൽ കൂടിയാണ് രാഹുലിന്റെ പ്രസ്താവന. കോണ്‍ഗ്രസും ബിജെപിയുമായി ഒരു വ്യത്യാസവുമില്ലെന്നും മഹാസഖ്യത്തിനെതിരായി ഈ രണ്ട് പാർട്ടിയും ഒത്തുകളിക്കുകയാണെന്നും അഖിലേഷും മായാവതിയും കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
കോണ്‍ഗ്രസ് സ്ഥാനാർഥി നല്ല മൽസരം കാഴ്ചവയ്ക്കുന്ന ബാരാബങ്കിയിലെ തെരഞ്ഞെടുപ്പ് യോഗത്തിൽ എസ്പിയെയും ബിഎസ്പിയെയും രാഹുൽഗാന്ധി വിമർശിച്ചിരുന്നു. എസ്പിയും ബിഎസ്പിയും കഴിഞ്ഞ അഞ്ചുവർഷക്കാലയളവിൽ മോദിയെ നേരിട്ട് വിമർശിച്ചിട്ടില്ലെന്ന് രാഹുൽ പറഞ്ഞതാണ് അഖിലേഷിനെയും മായാവതിയേയും ചൊടിപ്പിച്ചത്.
ബിജെപിക്ക് നേട്ടമുണ്ടാകാനാണ് കോണ്‍ഗ്രസ് താൽപ്പര്യപ്പെടുന്നതെന്നും യുപിയിലെ ജനവികാരം കോൺഗ്രസിന് എതിരാ ണെന്നും അഖിലേഷ് യാദവ് പറഞ്ഞു. പാർലമെന്റിൽ രാഹുലും മോദിയും കെട്ടിപിടിച്ചത് എല്ലാവരും കണ്ടതാണെന്നും യുപിയിൽ ബിജെപിയും കോൺഗ്രസും തൂത്തെറിയപ്പെടുമെന്നും മായാവതി പറഞ്ഞിരുന്നു.
അതേസമയം, യുപിയിൽ വിജയ സാധ്യതയില്ലാത്ത മണ്ഡലങ്ങളിൽ ബിജെപിയുടെ വോട്ട് പിളർത്തുകയാണു കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. അമേത്തി, റായ്ബറേലി, ബാരാബങ്കി, കാൻപുർ, ഉന്നാവ്, സഹാറൻപുർ, ബിജ്നോർ തുടങ്ങിയ ഏതാനും മണ്ഡലങ്ങളിൽ ഉറച്ച വിജയപ്രതീക്ഷയുള്ള കോണ്‍ഗ്രസ് അവിടെ കരുത്തുറ്റ സ്ഥാനാർഥികളെയാണു നിർത്തിയിരിക്കുന്നത്.
മറ്റിടങ്ങളിൽ ബിജെപിയുടെ വോട്ട് പിളർത്താൻ ശക്തിയുള്ള സ്ഥാനാർഥികളെയാണു രംഗത്തിറക്കിയിരിക്കുന്നത്. ബിജെപിയുടെ തോൽവി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഈ നീക്കത്തിന്റെ ഗുണം പ്രതിപക്ഷ സഖ്യത്തിനു ലഭിക്കും. ബിജെപിയുടെ വോട്ട് ബാങ്ക് പിളർത്തുന്നതിനു താൻ നേരിട്ടാണ് ഓരോ മണ്ഡലത്തിലെയും പാർട്ടി സ്ഥാനാർഥികളെ നിശ്ചയിച്ചതെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
മറ്റു മണ്ഡലങ്ങളിൽ തന്റെ പ്രചാരണത്തെ ബാധിച്ചേക്കുമെന്നതിനാലാണു വാരാണസിയിൽ മത്സരരംഗത്തു നിന്നു പിൻമാറിയത്. തോൽവിയെ ഭയക്കുന്നില്ല. തോൽവിയെക്കുറിച്ച് എന്നു ഭയം തോന്നുന്നുവോ അന്നു വീട്ടിൽ കയറി കതകടച്ചിരിക്കും. ഒളിച്ചോടാൻ വന്നയാളല്ല. താൻ ഇനി ഇവിടെയുണ്ടാകുമെന്നും പ്രിയങ്ക വ്യക്തമാക്കുന്നു.