ന്യൂഡൽഹി: റഫാല്‍ കേസിലെ വിവാദ പരാമര്‍ശത്തില്‍ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സുപ്രീം കോടതിയില്‍ നിരുപാധികം മാപ്പ് പറഞ്ഞു. കോടതിയലക്ഷ്യക്കേസില്‍ അദ്ദേഹം സമർപ്പിച്ച പുതിയ സത്യവാങ്മൂലത്തിലാണ് നിരുപാധികം മാപ്പ് അപേക്ഷിച്ചത്. കാവൽക്കാരൻ കള്ളൻ തന്നെയെന്ന് കോടതിയും സമ്മതിച്ചെന്നായിരുന്നു രാഹുലിന്റെ വിവാദ പ്രസ്താവന.
പരാമര്‍ശം തെറ്റായിപ്പോയെന്നും തെരഞ്ഞെടുപ്പ് ആവേശത്തിൽ പറഞ്ഞതാണെന്നും രാഹുൽ വ്യക്തമാക്കി. അതിനാൽ കോടതിയലക്ഷ്യ നടപടി അവസാനിപ്പിക്കണമെന്നും രാഹുൽ സത്യവാങ്മൂലത്തിൽ പറഞ്ഞു.
റഫാല്‍ കരാറുമായി ബന്ധപ്പെട്ട് പുറത്തുവന്ന രേഖകള്‍ പരിശോധിക്കാന്‍ കോടതി തീരുമാനിച്ച ഘട്ടത്തിലായിരുന്നു രാഹുലിന്റെ പരാമര്‍ശം. എന്നാൽ രാഹുലിന്റെ പരാമർശം കോടതിയലക്ഷ്യമാണെന്ന് കാട്ടി ബിജെപി നേതാവ് മീനാക്ഷി ലേഖി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് കേസിൽ വാദം നടന്നപ്പോൾ രാഹുൽ ഗാന്ധി തന്റെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ചിരുന്നു.
സത്യവാങ്മൂലത്തിൽ ബ്രാക്കറ്റിൽ എഴുതിയ ഭാഗത്തായിരുന്നു ഖേദപ്രകടനം. ഇതു മതിയാവില്ലെന്നും നിരുപാധികം മാപ്പ് പറയണമെന്നും മീനാക്ഷി ലേഖി കോടതിയിൽ വാദിച്ചു. രേഖാമൂലം തന്നെ മാപ്പ് പറയണമെന്ന് കോടതി നിര്‍ദേശിച്ചു. ഇതിനെ തുടർന്നാണ് രാഹുൽ പുതിയ സത്യവാങ്മൂലം സമർപ്പിച്ചത്. കോടതിയലക്ഷ്യ ഹര്‍ജി കോടതി വെള്ളിയാഴ്ച പരിഗണിക്കും.