ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയിൽ ജനാധിപത്യമില്ലെന്നും പ്രധാനമന്ത്രിക്കെതിരേ നിലകൊള്ളുന്നവരെ തീവ്രവാദികളാക്കി മുദ്രകുത്തുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്നും രാഹുൽ ആരോപിച്ചു.
കർഷക സമരത്തിന് പിന്തുണയുമായി രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാർച്ച് പോലീസ് തടഞ്ഞപ്പോഴാണ് രാഹുൽ രൂക്ഷ വിമർശനം നടത്തിയത്. ഇന്ത്യയില്‍ ജനാധിപത്യമില്ല. ജനാധിപത്യം ഉണ്ടെന്ന് നിങ്ങളിൽ ചിലർ കരുതുന്നുണ്ടെങ്കിൽ അത് വെറും ഭാവന മാത്രമാണെന്നും രാഹുൽ പറഞ്ഞു.
“തന്റെ ഉറ്റ ചങ്ങാതിമാർക്കു വേണ്ടി പണം ഉണ്ടാക്കുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ഇതിനെതിരേ സംസാരിക്കുന്നവരെ അവർ തീവ്രവാദികളായി ചിത്രീകരിക്കും. അതിപ്പോള്‍ കര്‍ഷകരാകട്ടെ, തൊഴിലാളികളാകട്ടെ, സാക്ഷാല്‍ മോഹന്‍ ഭാഗവത് ആകട്ടെ ആരുമായാലും അങ്ങനെതന്നെയായിരിക്കും അനുഭവം- രാഹുൽ വിമർശിച്ചു.
പ്രധാനമന്ത്രി ഒന്നിനും കൊള്ളാത്ത മനുഷ്യനാണ്. അദ്ദേഹത്തിന് ഒന്നിനെക്കുറിച്ചും ഒന്നും അറിയില്ല. പക്ഷേ, എല്ലാം അറിയുന്ന മൂന്നു നാല് പേര്‍ക്ക് വേണ്ടിയാണ് അദ്ദേഹം ഭരിക്കുന്നത്. ഇക്കാര്യം രാജ്യത്തെ എല്ലാ ജനങ്ങളും യുവാക്കളും മനസിലാക്കിയിരിക്കണമെന്നും രാഹുല്‍ പറഞ്ഞു.
പുതിയ കാർഷിക നിയമങ്ങൾ ചർച്ച ചെയ്യാൻ പാർലമെന്റിന്റെ സംയുക്ത സമ്മേളനം വിളിച്ചു ചേർക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. നേരത്തേ, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള എംപിമാരുടെ രാഷ്ട്രപതി ഭവൻ മാർച്ച് പോലീസ് തടഞ്ഞിരുന്നു. പിന്നീട് മൂന്നു പേർക്ക് മാത്രമാണ് രാഷ്ട്രപതി ഭവനിലേക്ക് പ്രവേശിക്കാൻ അനുമതി നൽകിയത്.