ന്യൂഡൽഹി: അപകീർത്തിക്കേസിൽ സുപ്രീം കോടതി ഉത്തരവിലൂടെ അയോഗ്യത നീങ്ങിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചു.
ഇതുസംബന്ധിച്ചു ലോക്സഭാ സെക്രട്ടേറിയറ്റ് ഇന്നു രാവിലെ വിജ്ഞാപനം പുറത്തിറക്കി. ഇതോടെ ഇന്നു മുതൽ അദ്ദേഹത്തിനു പാർലിമെന്റിലെത്താം.
അവിശ്വാസപ്രമേയ ചർച്ചയിൽ പങ്കെടുക്കാനും കഴിയും. വയനാട് എംപിയായ രാഹുൽ ഗാന്ധിക്ക് 134 ദിവസങ്ങൾക്കുശേഷമാണ് ലോക്സഭാംഗത്വം തിരിച്ചുകിട്ടുന്നത്.
മോദി സമുദായത്തെ അപകീർത്തപ്പെടുത്തിയെന്ന കേസിൽ സൂറത്ത് കോടതി രണ്ടു വർഷത്തെ തടവുശിക്ഷ വിധിച്ചതിനെ തുടർന്നാണ് രാഹുലിനു അയോഗ്യത വന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച രാഹുലിന്റെ തടവുശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. ഇതേത്തുടർന്നു രാഹുൽ ഗാന്ധിയുടെ അയോഗ്യത നീക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വം ലോക്സഭ സെക്രട്ടേറിയറ്റിന് കത്ത് നൽകിയിരുന്നു.
സൂറത്ത് കോടതി വിധി വന്ന് 26 മണിക്കൂറിനകം രാഹുലിനെ അയോഗ്യനാക്കിയ സ്പീക്കർ, വിധി സ്റ്റേ ചെയ്ത് ദിവസങ്ങൾ കടന്നിട്ടും എന്തുകൊണ്ടാണ് തീരുമാനമെടുക്കാത്തതെന്ന ചോദ്യം പ്രതിപക്ഷം ശക്തമായി ഉയർത്തിയിരുന്നു.