മുക്കം: വിവിധ പരിപാടികളിൽ പങ്കെടുക്കാൻ വയനാട് എംപി രാഹുൽ ഗാന്ധി നാളെ മണ്ഡലത്തിലെത്തും. എസ്പിജി സുരക്ഷ പിൻവലിച്ച ശേഷം ആദ്യമായാണ് രാഹുൽ മണ്ഡലത്തിൽ പര്യടനം നടത്തുന്നത്. നാളെ രാവിലെ 10.30 നാണ് ആദ്യ പരിപാടി. മലപ്പുറം ജില്ലയിലെ വണ്ടൂരിലെ കരുവാരക്കുണ്ട് ജിഎച്ച്എസ് സ്കൂളിലെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം അദ്ദേഹം നിർവഹിക്കും.
11 മണിക്ക് വണ്ണിയാമ്പലം ഗോൾഡൻ വാല്യു ഓഡിറ്റോറിയത്തിൽ നടക്കുന്ന യുഡിഎഫ് വണ്ടൂർ മണ്ഡലം കൺവൻഷനിൽ സംബന്ധിക്കും. ശേഷം 12 മണിക്ക് ഇടക്കരയിലെ ഇന്ദിരാഗാന്ധി മെമ്മോറിയൽ ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്സിന്റെ ഉദ്ഘാടനം നിർവഹിക്കും. ഉച്ചയ്ക്ക് ശേഷം രണ്ടിന് നിലമ്പൂർ ഒസികെ ഓഡിറ്റോറിയത്തിൽ നടക്കുന്ന യുഡിഎഫ് നിലമ്പൂർ മണ്ഡലം കൺവൻഷനിൽ പങ്കെടുക്കും.
3.30 ന് കോഴിക്കോട് ജില്ലയിലെ ആദ്യ പരിപാടിയായ കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോഡ് ലവ് ഷോർ സ്പെഷൽ സ്കൂൾ സന്ദർശിക്കും. 4.30 ന് മുക്കം ഷാൻഗ്രില്ല ഓഡിറ്റോറിയത്തിൽ നടക്കുന്ന യു.ഡി.എഫ് തിരുവമ്പാടി മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്യും.
5.30 ന് മരിയം ഓഡിറ്റോറിയത്തിൽ കോടഞ്ചേരി ഗ്രാമ പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. 6.15 ന് കോടഞ്ചേരി മഹാദേവ ക്ഷേത്രത്തിലെ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും. ശേഷം വയനാട് ജില്ലയിലേക്ക് തിരിക്കുന്ന രാഹുൽ ഗാന്ധി കൽപ്പറ്റ ഗസ്റ്റ് ഹൗസിൽ താമസിക്കും.