കൊച്ചി: “”കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിസന്ധിയിലാണോ?” ചോദ്യം ചോദിച്ച വിദ്യാർഥിനിയെ നോക്കി പുഞ്ചിരിച്ചിട്ടു കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മറുപടി ഇങ്ങനെ:
“”ഇന്ത്യ പ്രതിസന്ധിയിലാണ്’’. ആശയസംവാദമാണ് കോണ്‍ഗ്രസിന്റെ കരുത്ത്. ആശയസംവാദം ഇല്ലാതാകുമ്പോള്‍ പാര്‍ട്ടി ദുര്‍ബലമാകും.
എതിരാളികളുടെ ശക്തി മനസിലാക്കി പ്രവർത്തിച്ചു കോണ്‍ഗ്രസ് തിരിച്ചുവരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി കേരളത്തിലെത്തിയ രാഹുൽ ഗാന്ധി എറണാകുളം സെന്റ് തെരേസാസ് കോളജില്‍ വിദ്യാര്‍ഥിനികളുമായി സംവദിക്കുകയായിരുന്നു.
വിവിധ വിഷയങ്ങളില്‍ ചോദ്യശരങ്ങളുമായി വിദ്യാര്‍ഥിനികള്‍ നിറഞ്ഞുനിന്നപ്പോൾ വ്യക്തതയുള്ള മറുപടിയുമായി രാഹുല്‍ സദസിന്റെ മനം കവർന്നു.
സ്ത്രീശക്തീകരണം രാജ്യത്തെ മാറ്റുന്നതാണ് എന്നു പറഞ്ഞായിരുന്നു രാഹുല്‍ സംസാരിച്ചു തുടങ്ങിയത്. സ്ത്രീകളാണു പുരുഷന്മാരെക്കാള് ശക്തർ.
ശക്തി ഉള്ളിലൊതുക്കി അടിച്ചമര്‍ത്തലുകള്‍ക്കു വിധേയരാകുകയാണ് സ്ത്രീകൾ. ശക്തീകരണം അവനവന്റെ ഉള്ളില്‍നിന്ന് ഉണ്ടാകണം. പുറമേനിന്നുള്ള പിന്തുണയോടെ സംഭവിക്കുന്നതെല്ലാം ദുര്‍ബലമാണ്.
വിനയമുണ്ടാകുക ഏറ്റവും പ്രധാനപ്പെട്ടതാണ്. വിനയത്തില്നിന്നാണ് ശക്തീകരണമുണ്ടാകുന്നതെന്നും രാഹുൽ പറഞ്ഞു.
ചോദ്യം: തെരഞ്ഞെടുപ്പില്‍ തത്വങ്ങള്കൊണ്ടു മാത്രം വിജയിക്കാനാകുമോ.?
രാഹുൽ: തത്വങ്ങളെ ബലികഴിച്ച് ഒരു തവണയെ ജയിക്കാനാകൂ. സ്ഥാനാര്‍ഥികള്‍ക്കു സത്യസന്ധതയും ആദര്‍ശശുദ്ധിയും വേണം. അല്ലാത്തപക്ഷം അടുത്തതവണ ജനങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ അവരതു തിരിച്ചറിയും.
തത്വങ്ങളില്ലാത്ത രാഷ്ട്രീയത്തില്‍ എനിക്കു താല്പര്യമില്ല. ഞാനെന്റെ തത്വം മുറുകെപ്പിടിക്കും.
രാജ്യത്ത് സാമ്പത്തികരംഗം തകര്‍ന്നതിനാലാണ് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു സര്‍ക്കാര്‍ പണം കണ്ടെത്തുന്നത്.
രാജ്യാന്തരതലത്തില്‍ എണ്ണവില കുറയുമ്പോള്‍ ഇവിടെ വില വര്‍ധിക്കുന്നതിന്റെ കാരണമതാണ്. സാമ്പത്തിക കെടുകാര്യസ്ഥതയാണ് ഈ അവസ്ഥയ്ക്കു കാരണം.
ജിഎസ്ടിയും നോട്ട് നിരോധനവും ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ അപകടത്തിലാക്കിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
പ്രതിരോധമേഖല, സ്വയംപ്രതിരോധം തുടങ്ങിയ വിഷയങ്ങളും സംവാദത്തിൽ കടന്നുവന്നു. സ്വയംപ്രതിരോധം എങ്ങനെ തീര്‍ക്കാം എന്നു വിദ്യാര്‍ഥികള്‍ക്കു വേദിയില്‍ കാണിച്ചുകൊടുക്കുകയും ചെയ്തു.
നൃത്തമുള്‍പ്പെടെ വിവിധ കലാപരിപാടികള്‍ ഒരുക്കിയാണ് വിദ്യാര്‍ഥിനികള്‍ രാഹുലിനെ സ്വീകരിച്ചത്. രണ്ടു ദിവസത്തെ പ്രചാരണത്തിനെത്തിയ രാഹുലിന്റെ ആദ്യപരിപാടിയായിരുന്നു സെന്റ് തെരേസാസിലേത്.
തുടർന്ന് വൈപ്പിന്‍, കൊച്ചി, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലും ആലപ്പുഴ ജില്ലയിലെ അരൂര്‍, ആലപ്പുഴ, കായംകുളം മണ്ഡലങ്ങളിലുമെത്തി.
ഇന്നു കോട്ടയം ജില്ലയിലെ കോട്ടയം, പുതുപ്പള്ളി, കാഞ്ഞിരപ്പള്ളി, പാലാ മണ്ഡലങ്ങളിലും എറണാകുളം ജില്ലയിലെ പിറവം, കുന്നത്തുനാട്, മൂവാറ്റുപുഴ, പെരുമ്പാവൂര്‍, അങ്കമാലി മണ്ഡലങ്ങളിലുമെത്തും.