പത്തനംതിട്ട : പത്തനംതിട്ട പാർലമെൻറ് യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി 16ന് രാവിലെ 10 ന്് ജില്ലാ സ്റ്റേഡിയത്തിൽ എത്തും. ഇത് സംബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് ജില്ലാ പോലീസ് അധികാരികളും ജില്ലാ കോണ്‍ഗ്രസ് നേതൃത്വവുമായി ചർച്ച ചെയ്തു. സുരക്ഷ ഒരുക്കുന്ന സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്പിജി) ഇന്ന് പത്തനംതിട്ടയിൽ എത്തും.
ജില്ലയിലെ 78 കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടേയും യുഡിഎഫിൻറേയും നേതൃത്വത്തിൽ പരമാവധി പ്രവർത്തകരെ ജില്ലാ സ്റ്റേഡിയത്തിൽ എത്തിക്കാനുള്ള വിപുലമായ തയാറെടുപ്പുകളുടെ ഭാഗമായി ഇതുവരെ 700 ബസുകൾ ബുക്ക് ചെയ്തുകഴിഞ്ഞു.
ഒരു ലക്ഷം പ്രവർത്തകരെ ജില്ലാ സ്റ്റേഡിയത്തിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞുവെന്ന് ഡിസിസി പ്രസിഡന്റ് ബാബു ജോർജ് അറിയിച്ചു. സമ്മേളനത്തിനെത്തുന്ന പ്രവർത്തകരും പൊതുജനങ്ങളും രാവിലെ 10നു മുന്‍പേ സ്റ്റേഡിയത്തിൽ പ്രവേശിക്കണം.
വെയിലിൽ നിന്നും സംരക്ഷണം നൽകാൻ കൂറ്റൻ പന്തലും ഇരിക്കാൻ കസേരകളും സ്റ്റേഡിയത്തിൽ ക്രമീകരിക്കുന്നുണ്ട്. രാവിലെ ഒന്‍പതിന് അരുണ്‍ വിശ്വനാഥ് മ്യൂസിക് ഇവന്റ് സംഘടിപ്പിക്കുന്ന സംഗീതസദസ് ആരംഭിക്കും.