ന്യൂഡൽഹി: നിയമസഭാ തെഞ്ഞെടുപ്പിൽ മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോൺഗ്രസ് മികച്ച പ്രകടനം കാഴ്ചവച്ചതോടെ 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് രാഹുൽ ഗാന്ധിയെ മഹാസഖ്യത്തിന് ഒരുമിച്ച് പിന്തുണയ്ക്കേണ്ടി വരും. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ബിഎസ്പി അധ്യക്ഷ മായാവതിയുമായിരുന്നു രാഹുൽ ഗാന്ധിക്ക് പ്രധാന എതിരാളികളായ മഹാസഖ്യത്തിലുണ്ടായിരുന്നത്. എന്നാൽ മധ്യപ്രദേശിൽ ബിഎസ്പി തകർന്നതോടെ മായാവതിക്ക് ഇനി ഈ ആവശ്യ ഉന്നയിക്കാനാവില്ല.
ശീതകാല സമ്മേളനത്തിനായി പാർലമെന്റ് കൂടുന്നതിനു മുന്നോടിയായി പ്രതിപക്ഷ കക്ഷികൾ ചേർന്ന യോഗത്തിൽ എസ്പിയും ബിഎസ്പിയും പങ്കെടുത്തിരുന്നില്ല. എന്നാൽ മധ്യപ്രദേശിൽ കോൺഗ്രസിനു പിന്തുണ നല്കുമെന്നു ബിഎസ്പിയും സമാജ്വാദി പാർട്ടിയും പ്രഖ്യാപിച്ചതോടെ കാര്യങ്ങൾ എളുപ്പമായി. ബിജെപിയെ അധികാരത്തിൽനിന്നു പുറത്താക്കുകയാണു ലക്ഷ്യമെന്നും ആവശ്യമെങ്കിൽ രാജസ്ഥാനിലും കോൺഗ്രസിനു പിന്തുണ നല്കുമെന്നും മായാവതി പറഞ്ഞു.
കോൺഗ്രസ് ഭരണമുറപ്പിച്ച മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും ആരെ മുഖ്യമന്ത്രിയാക്കണമെന്ന കാര്യത്തിൽ അവസാന തീരുമാനം രാഹുലിന് വിട്ടതും അദേഹത്തിന്റെ കരുത്ത് തെളിയിക്കുന്ന അവസരമായി. അതേസമയം ആരെ മുഖ്യമന്ത്രിയാക്കണമെന്ന കാര്യത്തിൽ കോൺഗ്രസ് പ്രവർത്തകരോട് രാഹുൽഗാന്ധി അഭിപ്രായം ചോദിച്ചിട്ടുണ്ട്.
കോൺഗ്രസ് പാർട്ടിയുടെ ശക്തി ആപ്പിലൂടെയാണ് രാഹുൽ പ്രവർത്തകരോട് അഭിപ്രായം ചോദിച്ചിരിക്കുന്നത്. ഏഴു ലക്ഷത്തോളം പ്രവർത്തകർക്കാണ് രാഹുൽ ഗാന്ധി ശബ്ദ സന്ദേശത്തിലൂടെ അഭിപ്രായം ആരാഞ്ഞിരിക്കുന്നത്. ഈ അഭിപ്രായങ്ങളുടെ കൂടെ അടിസ്ഥാനത്തിൽ മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും മുഖ്യമന്ത്രിമാരെ ഇന്നു രാഹുൽ പ്രഖ്യാപിക്കും.
മധ്യപ്രദേശിൽ കമൽനാഥും രാജസ്ഥാനിൽ അശോക് ഗെലോട്ടും മുഖ്യമന്ത്രിമാരാകാൻ സാധ്യത. കമൽനാഥ്, ജ്യോതിരാദിത്യ സിന്ധ്യ, അശോക് ഗെലോട്ട്, സച്ചിൻ പൈലറ്റ് എന്നിവരെ ഇന്നു ഡൽഹിക്കു വിളിപ്പിച്ചിട്ടുണ്ട്.ചിന്ദ്വാഡയിൽനിന്നുള്ള ലോക്സഭാംഗമായ കമൽനാഥ് നിയമസഭയിലേക്ക് മത്സരിച്ചിരുന്നില്ല.