ന്യൂഡൽഹി: മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പ്രസംഗം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് വിനയായി. പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് നടത്തിയ പരാമർശമാണ് പ്രശ്നമായത്.
“പ്രധാനമന്ത്രി പുതിയ ഒരു നിയമമുണ്ടാക്കിയിട്ടുണ്ട്. അതിൽ ആദിവാസികൾക്ക് നേരെ വെടിയുതിർക്കാം എന്നു പറയുന്നുണ്ട്” – ഈ പരാമർശത്തിന്മേലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടിയത്.
രാഹുലിന്റെ പരാമർശം തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും 48 മണിക്കൂറിനകം വിശദീകരണം നൽകണമെന്നാണ് കമ്മീഷന്റെ നിർദേശം. നിശ്ചിത സമയത്തിനുള്ളിൽ വിശദീകരണം നൽകിയില്ലെങ്കിൽ കോൺഗ്രസ് അധ്യക്ഷനെതിരെ ഇനിയൊരു മുന്നറിയിപ്പുമില്ലാതെ നടപടിയെടുക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ട്.