ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രാജിവച്ചേക്കും. ശനിയാഴ്ച നടക്കുന്ന കോണ്‍ഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗത്തിൽ രാഹുൽ രാജി പ്രഖ്യാപിക്കുമെന്നാണു റിപ്പോർട്ട്.
തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ രാഹുൽ രാജി സന്നദ്ധത അറിയിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. ഉത്തർപ്രദേശിലെ ശക്തികേന്ദ്രമായ അമേഠിയും നഷ്ടമായതോടെയാണ് രാഹുൽ രാജി സന്നദ്ധത അറിയിച്ചത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് 55,000-ൽ അധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുൽ പരാജയപ്പെട്ടത്.
രാജി തീരുമാനം രാഹുൽ യുപിഎ ചെയർപേഴ്സണ്‍ സോണിയ ഗാന്ധിയെ അറിയിച്ചതായും ചില കോണ്‍ഗ്രസ് നേതാക്കൾ സൂചന നൽകുന്നു. ഫലം പുറത്തുവന്നതിനു പിന്നാലെ രാഹുൽ സോണിയ, സഹോദരി പ്രിയങ്ക ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
എന്നാൽ രാഹുൽ രാജി സന്നദ്ധത അറിയിച്ചെന്ന റിപ്പോർട്ടുകൾ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുർജെവാല നിഷേധിച്ചു.