കര്‍ണാടകയിലെ വീഴ്ച പരിഹരിക്കാനും അവിടെ നേരിട്ട നാണക്കേടിന് കോണ്‍ഗ്രസിനോട് പകരം വീട്ടാനും കച്ചകെട്ടിയിറങ്ങിയിരിക്കുകയാണിപ്പോള് ബിജെപി. മധ്യപ്രദേശിലെ മന്ദസൗറില്‍ ജൂണ്‍ ആറിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്താനിരുന്ന റാലിക്കാണ് സര്‍ക്കാരിന്റെ വക വന്നിബന്ധനകള്. 19 നിബന്ധനകളാണ് മധ്യപ്രദേശ് ബി.ജെ.പി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിചിത്രമായ നിര്‍ദേശങ്ങളും നിബന്ധനകളും ഉള്‍പ്പെടുത്തി മല്‍ഹര്‍ഗഡ് സബ്-ഡിവിഷണല്‍ ഓഫീസറാണ് നിബന്ധനകള്‍ തയാറാക്കിയിരിക്കുന്നത്.
പ്രധാന നിബന്ധനകള്‍ ഇങ്ങനെയാണ്. രാഹുല്‍ ഗാന്ധിയുടെ റാലിയില്‍ ഡി.ജെ. സൗണ്ട് സിസ്റ്റ്ം ഉപയോഗിക്കരുത്, മതവികാരം വ്രണപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ ഉണ്ടാകരുത്, ടെന്റിന് 15×15 അടിയില്‍ കൂടുതല്‍ വിസ്തീര്‍ണം പാടില്ല, പാര്‍ക്കിങ് സൗകര്യങ്ങള്‍, വൈദ്യുതി, വെള്ളം, ഫയര്‍ എന്ജിന് തുടങ്ങിയവ കോണ്‍ഗ്രസ് തന്നെ സജ്ജമാക്കണം, മഴ പോലുള്ള സാഹചര്യങ്ങളെ നേരിടാന്‍ വേണ്ട തയാറെടുപ്പുകള്‍ കൈക്കൊള്ളണം, റാലി നടക്കുന്ന സ്ഥലത്ത് ഗതാഗത തടസങ്ങള്‍ സൃഷ്ടിക്കരുത്, പരിപാടിക്കിടയില്‍ എന്തെങ്കിലും മോഷണം പോയാല്‍ പൂര്‍ണ ഉത്തരവാദിത്തം സംഘാടകര്‍ക്ക് മാത്രമായിരിക്കും..
ഇങ്ങനെ പോകുന്നു വിചിത്രമായ നിബന്ധനകളുടെ പട്ടിക. ഇതിലേതെങ്കിലും നിബന്ധനയില്‍ വീണ്ച വരുത്തിയാല്‍ റാലി പിന്‍വലിക്കാന്‍ ഉത്തരവിടുമെന്നും ബിജെപി കേന്ദ്രനേതൃത്വം അറിയിച്ചു. മധ്യപ്രദേശില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്.