രാഹുല്‍ ഗാന്ധിയുടെ കണക്കിലെ പിഴ ചൂണ്ടിക്കാട്ടിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞും പ്രധാനമന്ത്രിയെ ട്രോളിയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഞാന്‍ നരേന്ദ്രമോദിയല്ല മനുഷ്യനാണ്. തെറ്റുകള്‍ സംഭിച്ചാല്‍ അത് തിരുത്താന്‍ എനിക്കറിയാം. ഇനി തെറ്റാവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും തെറ്റു ചൂണ്ടിക്കാട്ടിയവരോട് നന്ദിയുണ്ടെന്നും രാഹുല്‍ പറഞ്ഞു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന ക്യാമ്പയിനില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കണക്കുകള്‍ തെറ്റിയിരുന്നു.
ബിജെപി സര്‍ക്കാരിനോടുള്ള ചോദ്യങ്ങളെന്ന പേരില്‍ രാഹുലിന്റെ ട്വീറ്റിലാണ് തെറ്റായ കണക്കുകള്‍ കടന്നുകൂടിയത്. സംഭവം ശ്രദ്ധയില്‍പെട്ടതോടെ ആദ്യത്തെ ട്വീറ്റ് ഡിലീറ്റ് ചെയ്ത് കണക്കുകള്‍ ശരിയാക്കി രാഹുല്‍ വീണ്ടും ട്വീറ്റ് ചെയ്യുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഗുജറാത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് രാഹുല്‍ ഓരോ ദിവസവും ട്വിറ്ററിലൂടെ സര്‍ക്കാരിനോട് ഓരോ ചോദ്യം ചോദിക്കാറുണ്ട്. ഇന്നത്തെ ട്വീറ്റിലെ ഏഴാമത്തെ ചോദ്യത്തിനൊപ്പം നല്‍കിയ പട്ടികയിലാണ് തെറ്റായ കണക്കുകള്‍ നല്‍കിയത്.
ബിജെപി സര്‍ക്കാര്‍ സമ്പന്നര്‍ക്ക് മാത്രമോ എന്ന അടിക്കുറിപ്പോടെ നിത്യോപയോഗ സാധനങ്ങളുടെ 2014-2017 വര്‍ഷങ്ങളിലെ വില വിവരപട്ടിക താരതമ്യം ചെയ്ത് രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ട്വീറ്റില്‍ രാഹുല്‍ നല്‍കിയ ശതമാന കണക്ക് തീര്‍ത്തും തെറ്റായിരുന്നു. ഡിസംബര്‍ 9, 14 തീയതികളിലായി രണ്ട് ഘട്ടങ്ങളായാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 182 അംഗ നിയമസഭയിലേക്കള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഡിസംബര്‍ 18 നാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍ തെരഞ്ഞെടുപ്പ് ദിവസം വരെ ഓരോ ദിവസം ഓരോ ചോദ്യവുമായാണ് രാഹുല്‍ എത്തുന്നത്.