റിപ്പബ്ലിക് ദിന പരേഡില്‍ ആറാം നിരയില്‍ സീറ്റ് നല്‍കിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. എവിടെ ഇരിക്കുന്നു എന്നത് താന്‍ കാര്യമാക്കുന്നില്ലെന്നും പബ്ലിസിറ്റിക്കായുള്ള പ്രകടനങ്ങള്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ മാദ്ധ്യമമായ എന്‍.ഡി.ടി.വിയോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
റിപ്പബ്ലിക് ദിന പരേഡ് നടക്കുമ്പോള്‍ രാജ്പഥില്‍ ഒരുക്കിയ ഇരിപ്പിടങ്ങളില്‍ ആറാം നിരയിലായിരുന്നു രാഹുലിന് സര്‍ക്കാര്‍ സ്ഥാനം നല്‍കിയത്. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിനും രാഹുലിനൊപ്പമായിരുന്നു ഇരിപ്പിടം. അതേസമയം, ബിജെപി അധ്യക്ഷന്‍ അമിത്ഷാ, മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി എന്നിവര്‍ക്ക് സര്‍ക്കാര്‍ മുന്‍നിരയില്‍ ഇരിപ്പിടമൊരുക്കുകയും ചെയ്തിരുന്നു.
ലോകനേതാക്കളുടെ മുന്നില്‍ വച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷനെ അവഗണിച്ചത് മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചിരുന്നു. സ്വാതന്ത്ര്യലബ്ദിക്കുശേഷം സോണിയ ഗാന്ധി വരെയുള്ള പാര്‍ട്ടി അധ്യക്ഷന്‍മാര്‍ മുന്‍നിരയിലിരുന്നാണ് റിപ്പബ്ലിക് ദിന പരേഡ് വീക്ഷിച്ചിരുന്നത്.