തന്റെ ജീവിതപങ്കാളിയ്ക്കു വേണ്ട ഗുണഗണങ്ങള് ആദ്യമായി പങ്കുവെച്ച് കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി. അമ്മ സോണിയാ ഗാന്ധിയുടെയും മുത്തശ്ശി ഇന്ദിരാഗാന്ധിയുടെയും ഗുണങ്ങളുളള പെണ്കുട്ടിയെ ജീവിതസഖിയാക്കാനാണ് താന് ആഗ്രഹിക്കുന്നതെന്ന് രാഹുല് പറഞ്ഞു.
ഭാരത് ജോഡോ യാത്രയ്ക്കിടെ ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് രാഹുല് ഗാന്ധി തന്റെ ജീവിത പങ്കാളിയെക്കുറിച്ച് പരാമര്ശം നടത്തിയത്.
തന്റെ മുത്തശ്ശിയും മുന് പ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധി തന്റെ ജീവിതത്തിലെ രണ്ടാമത്തെ അമ്മയാണെന്ന് അദ്ദേഹം നേരത്തെ വിശേഷിപ്പിച്ചിരുന്നു.
അവരെപ്പോലെയുള്ള ഒരു സ്ത്രീയെ താന് വിവാഹം കഴിക്കുമോ എന്ന ചോദ്യത്തിന്, അതൊരു രസകരമായ ചോദ്യമാണെന്നും തന്റെ അമ്മൂമ്മയുടെ സ്വഭാവ മഹിമയ്ക്കൊപ്പം അമ്മയുടെ ഗുണഗണങ്ങള് കൂടി ഇടകലര്ന്ന് ശോഭിക്കുന്ന വനിതയായാല് വളരെ നന്നായി എന്നാണ് രാഹുല് ഗാന്ധി മറുപടി നല്കിയത്.
കന്യാകുമാരി മുതല് കാശ്മീര് വരെ പദയാത്ര നടത്തുന്ന രാഹുല് ഗാന്ധി, മോട്ടോര് സൈക്കിളുകളെക്കുറിച്ചും സൈക്കിളുകള് ഓടിക്കാനുള്ള തന്റെ ഇഷ്ടത്തെക്കുറിച്ചും അഭിമുഖത്തില് സംസാരിച്ചു.
കൂടാതെ ഇലക്ട്രിക് മോട്ടോറുകള് ഉപയോഗിച്ച് സൈക്കിളുകളും മൗണ്ടന് ബൈക്കുകളും നിര്മ്മിക്കുന്ന ഒരു ചൈനീസ് ഇലക്ട്രിക് കമ്പനിയെ പരാമര്ശിക്കുകയും ചെയ്തു.
‘ഞാന് ഒരു ഇലക്ട്രിക് സ്കൂട്ടര് ഓടിച്ചിട്ടുണ്ട്, പക്ഷേ ഒരിക്കലും ഇലക്ട്രിക് ബൈക്ക് ഓടിച്ചിട്ടില്ല’, അദ്ദേഹം പറഞ്ഞു. കൂടാതെ തനിക്ക് സ്വന്തമായി ഒരു കാര് ഇല്ലെന്നും അമ്മയുടെ ഒരു സിആര്-വി ആണുളളതെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
‘എനിക്ക് ശരിക്കും കാറുകളോടും മോട്ടോര് ബൈക്കുകളോടും താല്പ്പര്യമില്ല, പക്ഷേ മോട്ടോര് ബൈക്ക് ഓടിക്കാന് എനിക്കിഷ്ടമാണ് എനിക്ക് സ്വയം ഒരു കാര് ശരിയാക്കാന് കഴിയും. പക്ഷേ കാറുകളോട് താല്പ്പര്യമില്ല, വേഗത്തില് സഞ്ചരിക്കാനും ഒപ്പം വായുവിലും വെള്ളത്തിലും ഭൂമിയിലും സഞ്ചരിക്കുന്ന ആശയവും എനിക്ക് ഇഷ്ടമാണ്,’ അദ്ദേഹം പറഞ്ഞു.
ആര്1നേക്കാള് ഭംഗി പഴയ ലാംബ്രെറ്റയ്ക്കാണെന്നും സ്വന്തം ശക്തി ഉപയോഗിക്കാന് കഴിയുന്നതിനാല് മോട്ടോര് സൈക്കിളിംഗാണ് താന് ഇഷ്ടപ്പെടുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അദ്ദേഹത്തെ വിമര്ശിക്കുന്നവരെക്കുറിച്ച് ചോദിച്ചപ്പോള്, ‘ഞാന് അതൊന്നും കാര്യമാക്കുന്നില്ല. ഞാന് ആരെയും വെറുക്കുന്നുമില്ല. നിങ്ങള് എന്നെ അധിക്ഷേപിക്കുകയോ തല്ലുകയോ ചെയ്തോളൂ, ഞാന് നിങ്ങളെ വെറുക്കില്ല.’രാഹുല് ഗാന്ധി പറഞ്ഞു.
കൂടാതെ തന്നെ പപ്പു എന്ന് വിളിക്കുന്നത് വിളിക്കുന്നവരുടെ ഉളളിലെ ഭയം കൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു.
‘അവരുടെ ജീവിതത്തില് ഒന്നും സംഭവിക്കുന്നില്ല, ജീവിതത്തില് ബന്ധങ്ങള് ശരിയല്ലാത്തതിനാല് അവര് സങ്കടത്തിലാണ്. അതുകൊണ്ടാണ് അവര് മറ്റൊരാളെ അധിക്ഷേപിക്കുന്നത്, അത് ശരിയാണ്. ഞാന് അതിനെ സ്വാഗതം ചെയ്യുന്നു.
എനിക്ക് ഇത് ഇഷ്ടമാണ്. എനിക്ക് നിങ്ങള് കൂടുതല് പേരുകള് നല്കിക്കൊളളു, ഞാന് അത് കാര്യമാക്കുന്നില്ല, ഞാന് വിശ്രമത്തിലാണ്’, രാഹുല് ഗാന്ധി അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപ്ലവത്തെക്കുറിച്ചും അഭിമുഖത്തില് പരാമര്ശിച്ച അദ്ദേഹം ഇന്ത്യക്ക് നഷ്ടപ്പെട്ടത് ഡ്രോണ് വിപ്ലവമാണെന്നും കൂട്ടിച്ചേര്ത്തു.