യാതൊരു ബോധവുമില്ലാത്തവരാണോ നേതാക്കള്‍, നിങ്ങള്‍ എന്താണ് ഈ ചെയ്യുന്നത്? രാഹുല്‍ ഗാന്ധി ഡീന്‍ കുര്യാക്കോസിനെ നേരിട്ടു വിളിച്ചു ശാസിച്ചു, പശുക്കുട്ടിയെ പരസ്യമായി അറുത്ത യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പണികിട്ടി

kannurകശാപ്പിനുള്ള കാലി വില്പന നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരേ യൂത്ത് കോണ്‍ഗ്രസ് നടത്തിയ സമരരീതിക്കെതിരേ കോണ്‍ഗ്രസ് ദേശീയസംസ്ഥാന നേതൃത്വങ്ങള്‍. കണ്ണൂര്‍ സിറ്റിയില്‍ നടുറോഡില്‍ കന്നുകുട്ടിയെ പരസ്യമായി അറുത്ത് മാംസം വിതരണം ചെയ്ത് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. സംഭവത്തില്‍ കോണ്‍ഗ്രസ് അഖിലേന്ത്യാ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ അപലപിച്ചിരുന്നു. പശുക്കുട്ടിയെ പരസ്യമായി അറുത്തു പ്രതിഷേധത്തിനു നേതൃത്വം നല്കിയ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം പ്രസിഡന്‍റ് റിജില്‍ മാക്കുറ്റിയെ പാര്‍ട്ടിയില്‍ നിന്നും രാഹുല്‍ ഗാന്ധി സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ ഡിസിസി ഇന്ന് കെപിസിസിക്ക് റിപ്പോര്‍ട്ട് നല്കും.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസിനെ നേരിട്ടു വിളിച്ചാണ് രാഹുല്‍ ഗാന്ധി തന്റെ അതൃപ്തി അറിയിച്ചത്. സംഘപരിവാറിന്റെ ഗോവധ നിരോധനീക്കത്തിന് എതിരായി ജനങ്ങള്‍ ഏറ്റെടുത്ത നീക്കത്തിന് കണ്ണൂരിലെ സംഭവം തിരിച്ചടിയായെന്നാണ് രാഹുലിന്റെ പക്ഷം. നിങ്ങള്‍ നേതാക്കള്‍ക്ക് തീരെ വിവരമില്ലാത്ത രീതിയിലാണോ പെരുമാറുന്നതെന്നും രാഹുല്‍ ക്ഷോഭത്തോടെ ചോദിച്ചെന്നാണ് ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഷ്ട്രദീപികയോട് പ്രതികരിച്ചത്.

കണ്ണൂര്‍ സംഭവത്തിന് ഡല്‍ഹിയില്‍ വന്‍ പ്രചാരണമാണ് ലഭിച്ചത്. കേരളത്തിന് പുറത്തുള്ള ദൃശ്യമാധ്യമങ്ങളും സംഭവത്തെ പ്രാധാന്യവത്കരിച്ചു. എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ തുടങ്ങിയ യുവജനസംഘടനകള്‍ ബീഫ് ഫെസ്റ്റ് പോലുള്ളവ നടത്തി പ്രതിഷേധിച്ചപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് കാട്ടിയ അമിതാവേശം അവര്‍ക്കുതന്നെ വിനയായി. ഗാന്ധിജി പശുവിനെ തലോടുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാണ് ബിജെപി യൂത്ത് കോണ്‍ഗ്രസ് നടപടിയെ വിമര്‍ശിച്ചത്. ബിജെപി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരനും ഇതിനെതിരേ ശക്തമായി പ്രതികരിച്ചു. ഇതിനിടെ റിജില്‍ മാക്കുറ്റിക്കെതിരേ സിറ്റി പോലീസ് കേസടുത്തു. യുവമോര്‍ച്ച നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

കേരള പോലീസ് ആക്ട് 120 എ വകുപ്പ് പ്രകാരമാണ് കേസെടുത്ത്. പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാകുന്ന വിധത്തില്‍ പൊതുസ്ഥലത്ത് കശാപ്പ് നടത്തിയ സംഭവത്തിലാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. മജിസ്‌ട്രേറ്റിന്റെ അനുമതി പ്രകാരമാണ് കേസ്. അന്വേഷണത്തിന് ശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്താന്‍ സാധ്യതയുണ്ട്. പരസ്യമായി കന്നുക്കുട്ടിയെ അറുത്ത് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചത് കോണ്‍ഗ്രസ് സംസ്കാരത്തിന് യോജിച്ചതല്ലെന്നന്നും ഇത്തരം സമരരീതി അംഗീകരിക്കാനാവില്ലന്നും കെപിസിസി ജനറല്‍ സെക്രട്ടറി സജീവ് ജോസഫ് രാഷ്ട്രദീപികയോട് പറഞ്ഞു. മാധ്യമശ്രദ്ധ നേടാന്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ കരുവാക്കുന്ന സമരരീതികള്‍ ശരിയല്ലെന്നും സജീവ് ജോസഫ് പറഞ്ഞു.

പരസ്യമായി കന്നുക്കുട്ടിയെ അറുത്ത യൂത്ത് കോണ്‍ഗ്രസിന്റെ സമരരീതിയെ ഡിസിസി കണ്ണൂര്‍ ജില്ലാ നേതൃത്വവും അപലപിച്ചു. സംഭവത്തെക്കുറിച്ച് ഇന്ന് റിപ്പോര്‍ട്ട് നല്കുമെന്നും ഡിസിസി പ്രസിഡന്‍റ് സതീശന്‍ പാച്ചേനി പറഞ്ഞു. റിജില്‍ മാക്കുറ്റിക്കെതിരേ നടപടി വേണമെന്നും ഗ്രൂപ്പ്തലത്തില്‍ ആവശ്യമുയരുന്നുണ്ട്. സുധാകരവിഭാഗം വക്താവായ മാക്കുറ്റിക്കെതിരേയുള്ള വടിയായാണ് മറ്റ് ഗ്രൂപ്പുകാര്‍ ഈ അവസരം ഉപയോഗപ്പെടുത്തുന്നത്. രാഹുല്‍ഗാന്ധി സംഭവത്തെ അപലപിച്ച സാഹചര്യത്തില്‍ റിജിലിനെതിരേ പാര്‍ട്ടിതലത്തില്‍ തന്നെ നടപടി ഉണ്ടാകാനാണ് സാധ്യത.

Related posts