മട്ടന്നൂർ: കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്നാലുടൻ ഷുഹൈബ് കൊലപാതക കേസ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കുമെന്ന് കോൺഗ്രസധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഉറപ്പ്. കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഷുഹൈബിന്റെ കുടുംബാംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാഹുൽ ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്നലെ ഉച്ചയ്ക്ക് 12.50നാണ് രാഹുൽ ഗാന്ധി കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്. തൃശൂരിൽനിന്ന് ഹെലികോപ്ടറിലായിരുന്നു യാത്ര. ഉച്ചയ്ക്ക് ഒന്നിന് പാസഞ്ചർ ടെർമിനൽ ബിൽഡിംഗിലെ വിഐപി ലോഞ്ചിലെത്തിയ രാഹുൽ ഗാന്ധിയെ കോൺഗ്രസ് നേതാക്കൾ സ്വീകരിച്ചു. തുടർന്ന് ഷുഹൈബിന്റെ കുടുംബാംഗങ്ങളുമായി സംസാരിച്ചു. വിവരങ്ങൾ ചോദിച്ചറിഞ്ഞ രാഹുൽ ഷുഹൈബ് വധക്കേസ് സിബിഐക്ക് വിടാമെന്നു പറഞ്ഞതായും കോൺഗ്രസിനെ വിശ്വാസമാണെന്നും ഷുഹൈബിന്റെ സഹോദരി പറഞ്ഞു.
ഇപ്പോൾ കേന്ദ്രത്തിൽ ബിജെപിയും കേരളത്തിൽ എൽഡിഎഫും ഭരിക്കുന്നതുകൊണ്ടാണ് കേസ് സിബിഐ അന്വേഷിക്കുന്നതിൽ തടസമുണ്ടായത്. കോൺഗ്രസ് പാർട്ടി കൂടെയുണ്ടെന്നും വിഷമിക്കേണ്ടെന്നും പറഞ്ഞാണ് രാഹുൽ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചത്. കുടുംബാംഗങ്ങൾക്കൊപ്പം ഫോട്ടോയെടുത്തും ഷുഹൈബിന്റെ സഹോദരിമാരുടെ മക്കളെ മടിയിലിരുത്തി വിശേഷങ്ങൾ തിരക്കുകയും ചെയ്തു.
പാസ് മുഖേനയാണ് രാഹുൽ ഗാന്ധിയെ കാണുന്നതിന് ഷുഹൈബിന്റെ മാതാപിതാക്കളെയും സഹോദരിമാരെയും സിപിഎം ആക്രമണത്തിൽ പരിക്കേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും പ്രമുഖ കോൺഗ്രസ് നേതാക്കളെയും ടെർമിനൽ ബിൽഡിംഗിലേക്ക് കടത്തിവിട്ടത്.
ഷുഹൈബിന്റെ പിതാവ് മുഹമ്മദ്, ഉമ്മ റസിയ, സഹോദരികളായ ഷർമിന, സുമയ്യ, ഷമീമ എന്നിവരുമായാണ് രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തിയത്. നേതാക്കളായ കെ.സി.വേണുഗോപാൽ, രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, കെ.സുധാകരൻ, ഷമാ മുഹമ്മദ്, സതീശൻ പാച്ചേനി, കെ.സുരേന്ദ്രൻ, രാജീവൻ എളയാവൂർ, ചന്ദ്രൻ തില്ലങ്കേരി, സണ്ണി ജോസഫ് എംഎൽഎ, എ.ഡി. മുസ്തഫ, വി.ആർ.ഭാസ്കരൻ, കെ.പ്രശാന്തൻ, യൂത്ത് കോൺഗ്രസ് കണ്ണൂർ ലോകസഭാ മണ്ഡലം പ്രസിഡന്റ് റിജിൽ മാക്കുറ്റി തുടങ്ങിയ നേതാക്കൾക്കായിരുന്നു വിമാനത്താവളത്തിനുള്ളിൽ പ്രവേശനമുണ്ടായിരുന്നത്.
അരമണിക്കൂറിലധികം ഷുഹൈബിന്റെ കുടുംബാംഗങ്ങളും മറ്റുമായി സംസാരിച്ചതിനുശേഷം ടെർമിനൽ ബിൽഡിംഗിന് പുറത്തു കാത്തുനിന്ന പ്രവർത്തകരെ അഭിവാദ്യം ചെയ്താണ് രാഹുൽ ഗാന്ധി 1.40 ന് ഹെലികോപ്ടറിൽ കാസർഗോഡ് പെരിയയിലേക്ക് പോയത്.