പിടിവാശി മാത്രമല്ലായിരുന്നു ഭീഷണിയും ! മക്കളുടെ സീറ്റുറപ്പിക്കുന്നതിനായി മുതിര്‍ന്ന നേതാക്കള്‍ ഭീഷണി മുഴക്കിയെന്ന് രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തല്‍…

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നേരിട്ട വമ്പന്‍ തോല്‍വിയെത്തുടര്‍ന്ന് സ്ഥാനമൊഴിയാനുള്ള തീരുമാനം പുനഃപരിശോധിക്കാന്‍ രാഹുല്‍ ഗാന്ധി വിസമ്മതിച്ചതോടെ കോണ്‍ഗ്രസ് നേതൃനിരയില്‍ വന്‍ പ്രതിസന്ധി. കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗം ഐകകണ്‌ഠ്യേന പ്രമേയം പാസാക്കി രാഹുലിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം ഇനിയും വഴങ്ങിയിട്ടില്ലെന്നാണു സൂചന. രാഹുലിന്റെ മനംമാറ്റത്തിനായുള്ള കാത്തിരിപ്പിലാണ് കോണ്‍ഗ്രസ് നേതൃത്വം.

ശനിയാഴ്ച ചേര്‍ന്ന സമിതി യോഗത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്, പി. ചിദംബരം എന്നിവരെ രാഹുല്‍ രൂക്ഷമായി വിമര്‍ശിച്ചു. മക്കളുടെ സീറ്റുറപ്പിക്കുന്നതിനായി നേതാക്കള്‍ വാശിപിടിച്ചുവെന്നായിരുന്നു രാഹുലിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ സ്വന്തം മക്കളെ സ്ഥാനാര്‍ഥികളാക്കിയില്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്നു രാജി വയ്ക്കുമെന്ന് ഇവര്‍ ഭീഷണി മുഴക്കിയെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

താന്‍ മുഖ്യമന്ത്രിയായ സംസ്ഥാനത്ത് മകനു സീറ്റ് ലഭിക്കണമെന്നു കമല്‍നാഥ് ആവശ്യപ്പെട്ടു. മകന്‍ മത്സരിച്ച ജോധ്പുരില്‍ ഏഴു ദിവസം പ്രചാരണം നടത്തിയ ഗെലോട്ട് മറ്റു മണ്ഡലങ്ങളെ അവഗണിക്കുകയായിരുന്നുവെന്നും രാഹുല്‍ തുറന്നടിച്ചുഗെലോട്ടിന്റെ മകന്‍ വൈഭവ് തിരഞ്ഞെടുപ്പില്‍ തോറ്റിരുന്നു. കല്‍നാഥിന്റെ മകന്‍ നകുല്‍നാഥും ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിയും വിജയിച്ചു. സംസ്ഥാനതലത്തില്‍ കരുത്തുറ്റ നേതാക്കളെ വളര്‍ത്തിയെടുക്കണമെന്നു ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ പ്രവര്‍ത്തക സമിതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ നെഹ്‌റു കുടുംബത്തിനു പുറത്തുള്ളയാളെ അധ്യക്ഷ പദവിയില്‍ നിയമിക്കണമെന്ന രാഹുലിന്റെ ആവശ്യം മറ്റു നേതാക്കള്‍ ഒരേ സ്വരത്തില്‍ തള്ളി.

നിലവിലെ പ്രതിസന്ധി ഘട്ടത്തില്‍ നെഹ്‌റു കുടുംബത്തിനു പുറത്തുള്ളയാള്‍ നേതൃത്വം ഏറ്റെടുത്താല്‍ ഐക്യം തകരുമെന്നും പാര്‍ട്ടിയുടെ നിലനില്‍പു തന്നെ ഭീഷണിയിലാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. അതേസമയം, പദവിയൊഴിയാനുള്ള തീരുമാനത്തില്‍ രാഹുല്‍ ഉറച്ചുനിന്നാല്‍ പകരക്കാരിയായി പ്രിയങ്കയ്ക്കു വേണ്ടിയുള്ള മുറവിളി ശക്തമാകുമെന്നു പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചു.

Related posts