ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തിക്കേസ് സുപ്രീംകോടതി നാളെ വീണ്ടും പരിഗണിക്കും.
തനിക്കെതിരേയുള്ളത് ഗുരുതരമായ കുറ്റമല്ലെന്നും ക്ഷമാപണം നടത്തണമെന്ന ഹർജിക്കാരന്റെ ആവശ്യം ഭരണഘടനാ വ്യവസ്ഥകളുടെ ദുരുപയോഗമാണെന്നും ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി സത്യവാങ്മൂലം സമർപ്പിച്ച സാഹചര്യത്തിൽ സുപ്രീംകോടതി വിധിയെ രാജ്യമാകെ ഉറ്റുനോക്കുകയാണ്.
പ്രതിപക്ഷ പാർട്ടി നേതാവും എംപിയുമെന്ന നിലയിൽ സർക്കാരിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടേണ്ടത് തന്റെ കടമയാണെന്നും പ്രസംഗം പൂർണമായും കേൾക്കാതെ വാട്സാപ് വീഡിയോകളുടെ അടിസ്ഥാനത്തിലാണു ഹർജിക്കാരൻ കേസ് ഫയൽ ചെയ്തതെന്നും പ്രസംഗത്തിന്റെ മുഴുവൻ ഭാഗവും കോടതി പരിശോധിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
രാഹുൽ ഗാന്ധിയുടെ ഹർജിയിൽ ഗുജറാത്ത് സർക്കാരിന് ജസ്റ്റീസ് ബി. ആർ. ഗവായ് അധ്യക്ഷനായ ബെഞ്ച് നോട്ടീസയച്ചിരുന്നു.
മോദി സമുദായത്തെ രാഹുൽ ഗാന്ധി അപമാനിച്ചെന്ന പൂർണേഷ് മോദി എന്നയാളുടെ പരാതിയിലാണ് കേസ്. രാഹുൽ ഗാന്ധിക്കുവേണ്ടി അഭിഭാഷകൻ മനു അഭിഷേക് സിംഗ്വിയും ഹർജിക്കാരനു വേണ്ടി അഭിഭാഷകൻ മഹേഷ് ജഠ്മലാനിയുമാണ് ഹാജരാകുന്നത്.